ദീക്ഷിത് പ്രവീൺ ഇന്റർനാഷണൽ കിക്ക്ബോക്സിങ് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും

ആഡൂർപാലം സ്വദേശിയായ ദീക്ഷിത് പ്രവീൺ ഡൽഹിയിൽ നടക്കാനിരിക്കുന്ന അഞ്ചാമത് വാകോ (WAKO) ഇന്ത്യ  ഇന്റർനാഷണൽ കിക്ക്ബോക്സിങ് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും.

 


കാടാച്ചിറ: ആഡൂർപാലം സ്വദേശിയായ ദീക്ഷിത് പ്രവീൺ ഡൽഹിയിൽ നടക്കാനിരിക്കുന്ന അഞ്ചാമത് വാകോ (WAKO) ഇന്ത്യ  ഇന്റർനാഷണൽ കിക്ക്ബോക്സിങ് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും.ഫെബ്രുവരി നാലുമുതൽ എട്ടു വരെ ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിലെ കെ.ഡി. ജാദവ് ഇൻഡോർ സ്റ്റേഡിയത്തിലാണ്  മത്സരം നടക്കുന്നത്. 

2025 ജൂലായിയിൽ നടന്ന കിക്ക് ബോക്സിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ  ദീക്ഷിത് സ്വർണം തേടിയിരുന്നു. ചത്തീസ്ഗഡിൽ നടന്ന ദേശീയ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 86--91 കിലോ വിഭാഗത്തിലാണ് ദീക്ഷിത് മത്സരിച്ചത്.  പരേതനായ പിതാവ് പ്രവീണിൻ്റെ താൽപര്യപ്രകാരമാണ് ആയോധനകലയിലേക്ക് ദീക്ഷിത് തിരിഞ്ഞത്. ആഡൂരിലെ ഗുരുപ്രഭകളരിസംഘത്തിലെ അജേഷ് ഗുരുക്കളിൽനിന്ന് കളരി അഭ്യസിച്ചു. ജില്ലാതലത്തിൽ ചാമ്പ്യനായി. വുഷുവിൽ രണ്ടുതവണ സംസ്ഥാന ചാമ്പ്യനുമായി. 2024ലാണ് കിക്ക് ബോക്‌സിങ്ങിലേക്ക് ചുവടുറപ്പിച്ചത്. കഠിനമായ പരിശീലനത്തിലൂടെ രണ്ടുതവണ സംസ്ഥാനതലത്തിൽ ചാമ്പ്യനായി.

ബിബിഎ വിദ്യാർഥിയായ ദീക്ഷിത് സാമൂഹിക സാംസ്കാരിക പൊതു പ്രവർത്തന രംഗങ്ങളിൽ സജീവമാണ്.അമ്മ :പി രമ്യ (റെയ്ഡ്കോ ജീവനക്കാരി). സഹോദരൻ: വൈഷ്‌ണവ് പ്രവീൺ.