ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ  ടി.സി.എസും ചാമ്പ്യമാർ

ഇൻഫോപാർക്ക് കൊച്ചി  തൃശൂർ, ചേർത്തല ക്യാമ്പസുകളിലെ ഐടി ജീവനക്കാർക്കായി സംഘടിപ്പിച്ച മൂന്നാമത് ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ  ടി.സി.എസും ചാമ്പ്യമാരായി. 

 

കൊച്ചി: ഇൻഫോപാർക്ക് കൊച്ചി  തൃശൂർ, ചേർത്തല ക്യാമ്പസുകളിലെ ഐടി ജീവനക്കാർക്കായി സംഘടിപ്പിച്ച മൂന്നാമത് ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ  ടി.സി.എസും ചാമ്പ്യമാരായി. 

ആവേശകരമായ ഫൈനൽ മത്സരത്തിൽ എക്സ്പീരിയനെ പരാജയപ്പെടുത്തി ഡിഫൻഡിങ് ചാമ്പ്യന്മാരായ ഇ.വൈ പുരുഷ വിഭാഗത്തിൽ  കിരീടം നിലനിർത്തി. രണ്ട് ഗോളുകൾക്കാണ് ഇ.വൈ വിജയിച്ചത്. വനിതകൾക്കായുള്ള ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ഇ.വൈക്കെതിരെ വിജയം കൈവരിച്ചുകൊണ്ട് ടി.സി.എസ്  ചാമ്പ്യന്മാരായി.

പുരുഷന്മാരുടെ ലൂസേഴ്സ് ഫൈനലിൽ ഗാഡ്ജിയോണിനെ പരാജയപ്പെടുത്തി ടി.സി.എസ് വിജയിച്ചപ്പോൾ, വനിതാ വിഭാഗം ലൂസേഴ്സ് ഫൈനലിൽ ഐക്യുവിഐഎയെ പരാജയപ്പെടുത്തി വിപ്രോ വിജയം സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സ് താരം നിഹാൽ സുധീഷ്, കാൽപൈൻ ഫിനാൻസ് & അഡ്മിനിസ്ട്രേഷൻ  ജനറൽ മാനേജർ ജോൺ മാത്യു, കോറൽ റീഫ് ഹോട്ടൽ ജനറൽ മാനേജർ റെമിൽ  തുടങ്ങിയവർ ചേർന്ന് മൂന്ന് ലക്ഷത്തിൽപരം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.

കഴിഞ്ഞ ഇരുപത് വ‍ർഷമായി ഇൻഫോപാർക്കിൽ പ്രവ‍‌ർത്തിക്കുന്ന കാൽപൈൻ ഗ്രൂപ്പാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഐടി മേഖലയിലെ ജോലി സമ്മർദ്ദങ്ങൾക്കിടയിൽ ജീവനക്കാരുടെ കായികക്ഷമതയും ഒത്തൊരുമയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാൽപൈൻ ഗ്രൂപ്പ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. മാർച്ചിൽ ചെസ് ടൂർണമന്റും കഴിഞ്ഞ വർഷങ്ങളിലെ ക്രിക്കറ്റ് ടൂർണമന്റും കാൽപൈൻ ഗ്രൂപ്പാണ് സംഘടിപ്പിച്ചത്.

ഏപ്രിൽ 24-ന് തൃക്കാക്കര ബി.എം.സി സ്പോർട്സ് ഫുട്ബോൾ ടർഫിൽ ലീഗ് മത്സരങ്ങൾ  മെയ് ഒമ്പത് വരെ  നടന്നു.  ഇൻഫോപാർക്ക് എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്പോർട്സ് സെന്ററിലാണ് നോക്കൗട്ട് മത്സരങ്ങൾ നടന്നത്. വൈകിട്ട് 6 മുതൽ രാത്രി 10 വരെ നടന്ന മത്സരങ്ങൾ കാണാൻ ഐടി ജീവനക്കാരും കുടുംബാംഗങ്ങളും അടക്കം നിരവധി പേർ എത്തിയിരുന്നു.