കലിപ്പ് തീർന്നില്ല ...! അണ്ടര്‍ 19 ലോകകപ്പിൽ ഹസ്തദാനം നൽകാതെ ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍
മത്സരത്തില്‍ ടോസിനായി ഇരു ക്യാപ്റ്റന്‍മാരും മൈതാനത്തെത്തിയപ്പോള്‍ പരസ്പരം ഹസ്തദാനം ചെയ്തില്ല
ബുലവായോ: അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യ- ബംഗ്ലാദേശ് താരങ്ങൾ ഹസ്തദാനം നൽകിയില്ല. മത്സരത്തില്‍ ടോസിനായി ഇരു ക്യാപ്റ്റന്‍മാരും മൈതാനത്തെത്തിയപ്പോള്‍ പരസ്പരം ഹസ്തദാനം ചെയ്തില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ബംഗ്ലാദേശ് നായകനു കൈകൊടുക്കാന്‍ വിസമ്മതിച്ചു. ടോസിനായി ഗ്രൗണ്ടില്‍ എത്തിയത് ബംഗ്ലാദേശ് ക്യാപ്റ്റന്‍ അസിസുല്‍ ഹകിം തമിം ആയിരുന്നില്ല. വൈസ് ക്യാപ്റ്റന്‍ സവാദ് അബ്രാറാണ് ടോസിനായി എത്തിയത്. താരത്തിനു കൈടുക്കാന്‍ ആയുഷ് വിസമ്മതിക്കുകയായിരുന്നു.
ടോസ് നേടി ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസിനു ശേഷമാണ് കൈ കൊടുക്കേണ്ടത് എന്നാല്‍ ഇരു ക്യാപ്റ്റന്‍മാരും അതിനു നിന്നില്ല. പിന്നീട് ദേശീയ ഗാനത്തിനു ശേഷം ഇരു ടീമുകളിലേയും താരങ്ങള്‍ തമ്മില്‍ കൈ കൊടുക്കുന്ന പതിവുമുണ്ട്. എന്നാല്‍ ഇന്നത്തെ പോരില്‍ അതും ഉണ്ടായില്ല.
ഐപിഎല്ലില്‍ നിന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നു ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നിലപാടിലേക്ക് എത്തിയത്. ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച ബംഗ്ലാദേശ് ഐപിഎല്‍ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നതിനു വിലക്കുമേര്‍പ്പെടുത്തി.