സേന രാജ്യങ്ങളിൽ തിളങ്ങണമെങ്കിൽ ശൈലി മാറ്റണം; ഗില്ലിന് മുന്നറിയിപ്പുമായി മുരളി കാർത്തിക്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റനും ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിലെ ഒന്നാം നമ്പർ താരവുമായ ശുഭ്മൻ ഗില്ലിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിൽ വിജയിക്കണമെങ്കിൽ ഗിൽ തൻ്റെ ബാറ്റിംഗ് ശൈലിയിലും സാങ്കേതികതയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് മുരളി കാർത്തിക് വ്യക്തമാക്കി

 

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റനും ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിലെ ഒന്നാം നമ്പർ താരവുമായ ശുഭ്മൻ ഗില്ലിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിൽ വിജയിക്കണമെങ്കിൽ ഗിൽ തൻ്റെ ബാറ്റിംഗ് ശൈലിയിലും സാങ്കേതികതയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് മുരളി കാർത്തിക് വ്യക്തമാക്കി.ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് ആകെ 37 റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. ഈ പശ്ചാത്തലത്തിലാണ് താരത്തിന്റെ ബാറ്റിംഗ് സാങ്കേതികത ചൂണ്ടിക്കാട്ടി മുൻ താരം രംഗത്തെത്തിയത്.

"ഗില്ലിൻ്റെ കാര്യത്തിൽ ചിലപ്പോഴൊക്കെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് പ്രകടനം മാറുന്നത്. വിദേശ മണ്ണിൽ വിജയിക്കണമെങ്കിൽ അദ്ദേഹം ശൈലിയിൽ മാറ്റം വരുത്തണം. അത് ഫൂട്ട് മൂവ്‌മെന്റിലാകാം അല്ലെങ്കിൽ കൈകളുടെ നിയന്ത്രണത്തിലാകാം. വിരാട് കോലിയെപ്പോലുള്ള മികച്ച കളിക്കാരെ നിരീക്ഷിച്ചാൽ അവർ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നത് കാണാം. ഇത്തരം വിക്കറ്റുകളിൽ പേസും ഉയരവുമുള്ള ബൗളർമാരെ ന്യൂബോളിൽ നേരിടുന്നത് എളുപ്പമല്ല. അത് അതിവേഗത്തിൽ കൈകാര്യം ചെയ്യാൻ ഗില്ലിന് സാധിക്കണം," മുരളി കാർത്തിക് പറഞ്ഞു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലായി കളിച്ച 14 ഏകദിന ഇന്നിംഗ്സുകളിൽ നിന്ന് 85.17 സ്ട്രൈക്ക് റേറ്റിൽ 425 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. അതേസമയം, ഏകദിന പരമ്പരയ്ക്ക് പിന്നാലെ നവംബർ 19 മുതൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലേക്ക് ഗിൽ കടക്കും.