ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ല ; കാരണം പറഞ്ഞ് സേവാഗ്

. 'ഐപിഎല്ലില്‍ ഏതെങ്കിലും ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും പോകും.
 

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സേവാഗ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെന്ററായും ക്രിക്കറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും എന്നാല്‍ ഐപിഎല്‍ ടീമിലേക്ക് അവസരം വന്നാല്‍ താന്‍ സ്വീകരിക്കുമെന്നും പറയുകയാണ് വീരേന്ദര്‍ സേവാഗ്. 'ഐപിഎല്ലില്‍ ഏതെങ്കിലും ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും പോകും. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ വിളിച്ചാല്‍ ഞാന്‍ പോകില്ല. കാരണം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായാല്‍ എനിക്ക് പഴയ ദിനചര്യകളിലേക്ക് മടങ്ങേണ്ടിവരും', സേവാഗ് പറഞ്ഞു.
'കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ച താരമാണ് ഞാന്‍. വര്‍ഷത്തില്‍ എട്ട് മാസവും ഞാന്‍ വീടിന് പുറത്തായിരുന്നു. ക്രിക്കറ്റ് താരങ്ങളായ എന്റെ മക്കളെ എനിക്ക് പരിശീലിപ്പിക്കേണ്ടതുണ്ട്. എനിക്ക് 14ഉം 16ഉം വയസ്സുമുള്ള മക്കളാണ് ഉള്ളത്. അതിലൊരാള്‍ ഓപ്പണറും ഒരാള്‍ സ്പിന്‍ ബൗളറുമാണ്', സേവാഗ് തുറന്നുപറഞ്ഞു.

'ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താല്‍ താരങ്ങള്‍ക്കൊപ്പം എട്ടുമാസത്തോളം സമയം ചിലവഴിക്കേണ്ടിവരും. അതെനിക്ക് വെല്ലുവിളി സൃഷ്ടിക്കും. ഈ സമയങ്ങളില്‍ എന്റെ മക്കളെ പരിശീലിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല. അതേസമയം ഐപിഎല്ലില്‍ പരിശീലകന്റെയോ മെന്ററുടെയോ റോള്‍ ലഭിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും അക്കാര്യം പരിഗണിക്കും', സേവാഗ് കൂട്ടിച്ചേര്‍ത്തു.