ന്യൂസിലന്‍ഡിനെതിരെ തോറ്റതോടെ കോച്ച് ഗൗതം ഗംഭീറിനെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍


ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡിനെ കബളപ്പിച്ച കോച്ച് ഗൗതം ഗംഭീറിന് ശരിക്കുമൊരും ദ്രോണാചാര്യ അവാര്‍ഡാണ് നല്‍കേണ്ടതെന്ന് ഒരു ആരാധകന്‍  എക്‌സ് പോസ്റ്റില്‍ കുറിച്ചു

 

നാട്ടില്‍ ന്യൂസിലന്‍ഡിനെതിര ആദ്യമായാണ് ഇന്ത്യ ഏകദിന പരമ്പര തോല്‍ക്കുന്നത്. തുടര്‍ച്ചയായ 16 പരമ്പര ജയങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ ഏകദിന പരമ്പര അടിയറവെച്ചതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍. പ്രമുഖതാരങ്ങള്‍ക്ക് വിശ്രമം നല്‍കിയിറങ്ങിയ ന്യൂസിലന്‍ഡിന്റെ ബി ടീമിനോടുപോലും ഇന്ത്യ തോറ്റതാണ് ആരാധകരെ ചൊടിപ്പിച്ചത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ടായി 41 റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് ഏകദിന പരമ്പര(1-2)ന് കൈവിട്ടത്. നാട്ടില്‍ ന്യൂസിലന്‍ഡിനെതിര ആദ്യമായാണ് ഇന്ത്യ ഏകദിന പരമ്പര തോല്‍ക്കുന്നത്. തുടര്‍ച്ചയായ 16 പരമ്പര ജയങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി.


ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡിനെ കബളപ്പിച്ച കോച്ച് ഗൗതം ഗംഭീറിന് ശരിക്കുമൊരും ദ്രോണാചാര്യ അവാര്‍ഡാണ് നല്‍കേണ്ടതെന്ന് ഒരു ആരാധകന്‍  എക്‌സ് പോസ്റ്റില്‍ കുറിച്ചു. ന്യൂസിലന്‍ഡിന്റെ സി ടീമിനോടുപോലും തോറ്റത് ഗംഭീര്‍ പരീശലകനായതുകൊണ്ട് മാത്രമാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന കാലഘട്ടമാണ് ഗംഭീര്‍-അഗാര്‍ക്കര്‍ കാലഘട്ടമെന്നും ആരാധകര്‍ പറഞ്ഞു.

ഗൗതം ഗംഭീര്‍ പരിശീലകനായശേഷം ഇന്ത്യ ശ്രീലങ്കയില്‍ ഏകദിന പരമ്പര തോറ്റു, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാട്ടില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങി, ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയില്‍ ഓസ്‌ട്രേലിയയോട് തോറ്റു, നാട്ടില്‍ ദക്ഷിണഫ്രിക്കയോടെ ടെസ്റ്റ് പരമ്പര തോറ്റു, ഇപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും നാട്ടില്‍ കൈവിട്ടുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി