മുൻ ഇന്ത്യൻ ബൗളറുടെ മകൻ ഇംഗ്ലണ്ട് അണ്ടർ 19 ക്രിക്കറ്റ് ടീമിൽ

 

മുൻ ഇന്ത്യൻ പേസറുടെ മകൻ ഇംഗ്ലണ്ട് അണ്ടർ 19 ക്രിക്കറ്റ് ടീമിൽ. ശ്രീലങ്കക്കെതിരെ നടക്കുന്ന അണ്ടർ 19 മത്സത്തിനുള്ള ഇംഗണ്ട് ടീമിലേക്കാണ് താരം തെരഞ്ഞെടുക്കപ്പെട്ടത്.

ലഖ്നോ സ്വദേശിയും ഇന്ത്യയുടെ മുൻ ബൗറളുമായ രുദ്ര പ്രതാപ് സിങ് (ആർ.പി. സിങ്) 1986ൽ ആസ്ട്രേലിയക്കെതിരെ രണ്ടു ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പിന്നാലെ 1990കളുടെ അവസാനത്തിൽ ഇംഗ്ലണ്ടിലേക്ക് കുടിയേറി. അവിടെ ലങ്കാഷെയർ കൗണ്ടി ക്ലബിന്റെയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെയും പരിശീലക ചുമതലകൾ ഏറ്റെടുത്തു.

ഇദ്ദേഹത്തിന്‍റെ മൂത്ത മകൻ ഹാരിയാണ് ഇംഗ്ലണ്ട് അണ്ടർ 19 ടീമിലേക്ക് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ലങ്കാഷെയറിന്‍റെ ബാറ്റിങ് താരമാണ് ഹാരി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അണ്ടർ 19 ടീമിലേക്ക് മകൻ ഹാരിയെ തെരഞ്ഞെടുത്ത വിവരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിളിച്ചറിയച്ചതന്ന് ആർ.പി. സിങ് പറഞ്ഞു.

ഇന്ത്യൻ വംശജരായ കളിക്കാരുൾപ്പെടെ നിരവധി ദക്ഷിണേഷ്യൻ താരങ്ങൾ ഇംഗ്ലണ്ട് ജൂനിയർ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. എന്നാൽ ടോപ്പ് ലെവലേക്ക് മാറാൻ ശ്രമിക്കുമ്പോൾ മകന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് അറിയാമെന്നും സിങ് തന്നെ പറയുന്നു.

'ഇത് എളുപ്പമല്ല, ഉയർന്ന തലത്തിലെത്താൻ നിങ്ങൾക്ക് കുറച്ച് ഭാഗ്യവും ധാരാളം റൺസും ആവശ്യമാണ്. 90കളിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ നിരവധി ക്രിക്കറ്റ് കളിക്കാരെ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ അവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചപ്പോൾ പരാജയപ്പെട്ടു. ഹാരി വളരുമ്പോൾ, ഓരോ ക്രിക്കറ്റ് താരവും ചെയ്യുന്ന സാങ്കേതിക ക്രമീകരണങ്ങൾ അയാൾക്ക് വരുത്തേണ്ടിവരും' -ആർ.പി. സിങ് പറഞ്ഞു.

57കാരനായ സിങ്ങിന്‍റെ മകളും മുമ്പ് ലങ്കാഷെയർ അണ്ടർ 19 ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. നിലവിൽ അവർ മെഡിസിൻ വിദ്യാർഥിനിയാണ്. എട്ടാം വയസ്സിലാണ് ഹാരി ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നത്.