ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസവാർത്ത...! ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാം ; ടിക്കറ്റ് വെക്കുന്നവർക്ക് മാത്രം നിയന്ത്രണമെന്ന് മന്ത്രി ഒ ജെ ജനീഷ്

ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസവാർത്തയുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. ഫിഫ ലോകകപ്പ് മത്സരങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ടിക്കറ്റ് വെച്ച് വാണിജ്യാടിസ്ഥാനത്തിൽ പ്രദർശനം നടത്തുന്നവർക്ക് മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നും തിരുവനന്തപുരത്ത്

 

 തിരുവനന്തപുരം : ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസവാർത്തയുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. ഫിഫ ലോകകപ്പ് മത്സരങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ടിക്കറ്റ് വെച്ച് വാണിജ്യാടിസ്ഥാനത്തിൽ പ്രദർശനം നടത്തുന്നവർക്ക് മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പ് ഫുട്‌ബോൾ പ്രദർശനത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ആശങ്ക ആരാധകർ പങ്കുവെച്ചിരുന്നു. സീ എന്റടെയിൻമെന്റ്, സീ 5, ഈഗിൾസ് ക്ലബ് എന്നിവർ ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. പ്രദർശനം നടത്തുന്നവർ ഈഗിൾസ് ക്ലബ് വെബ്‌സൈറ്റിൻ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്. കായിക പ്രേമികൾ ആഗ്രഹിച്ചത് പോലെ തന്നെ കാര്യങ്ങൾ നടക്കുമെന്നും കേരളത്തിൽ മാത്രമാണ് ഇതിനുള്ള അവസരമുള്ളതെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

ലോകകപ്പ് പൊതുപ്രദർശനത്തിന് മുൻകൂർ അനുമതിയും ലൈസൻസും നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വമ്പൻ കമ്പനികളൊരുക്കുന്ന ഫാൻ പാർക്കുകളിൽ ആളെ കൂട്ടാനുള്ള പുതിയ തീരുമാനമാണ് ഇതെന്നായിരുന്നു ആരാധകരുടെ വിമർശനം.

പൊതു ഇടങ്ങളിൽ ലോകകപ്പ് പ്രദർശനത്തിന് ഫിഫ ലൈസൻസ് വേണമെന്നും അതിന് വൻ തുക ഫീസ് അടയ്ക്കണമെന്നുമാണ് നിർബന്ധമാക്കിയിരുന്നത്. തുക അടയ്ക്കാത്ത പക്ഷം ആന്റി-പൈറസി നിയമത്തിൽ ഉൾപ്പെടുത്തി ഇത്തരം പൊതു പ്രദർശനങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും താക്കീത് നൽകിയിരുന്നു. 2026 മുതൽ ഇന്ത്യയിൽ ഫിഫ മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേഷണ പങ്കാളി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസാണ്. കേരളത്തിലും മാഹിയിലും ഔദ്യോഗിക പബ്ലിക് വ്യൂയിംഗ് പരിപാടികൾ ഏകോപിപ്പിക്കുകയും ലൈസൻസിങ് സൗകര്യം നൽകുകയും ചെയ്യുന്നത് ഷാഫി മേത്തറിന്റെ ഉടമസ്ഥതയിലുള്ള ഈഗിൾസ് എഫ്സി കേരളയുമാണ്. കമ്പനികളുടെ തീരുമാനം ഫുട്‌ബോൾ ആരാധകരെ നിരാശരാക്കിയിരുന്നു.