ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കാൻ ഒരുങ്ങി ഫിഫ
2026ലെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള സമ്മാനത്തുകയും പങ്കാളിത്ത ഫീസും വർധിപ്പിക്കാൻ ഫിഫ ഒരുങ്ങുന്നു. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായുള്ള ഭാരിച്ച ചെലവുകളെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
വാൻകൂവർ: 2026ലെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള സമ്മാനത്തുകയും പങ്കാളിത്ത ഫീസും വർധിപ്പിക്കാൻ ഫിഫ ഒരുങ്ങുന്നു. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായുള്ള ഭാരിച്ച ചെലവുകളെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
അമേരിക്കയിലെ ഉയർന്ന യാത്രാച്ചെലവ്, താമസ സൗകര്യങ്ങൾ, നികുതി എന്നിവ കണക്കിലെടുക്കുമ്പോൾ ക്വാർട്ടർ ഫൈനൽ വരെ എത്തുന്ന ടീമുകൾക്ക് പോലും സാമ്പത്തികമായി നഷ്ടമുണ്ടാകുമെന്ന് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫിഫയുടെ ഇടപെടൽ.
2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. കാനഡയിലെ വാൻകൂവറിൽ വ്യാഴാഴ്ച (ഏപ്രിൽ 30) ചേരുന്ന ഫിഫ കൗൺസിൽ യോഗത്തിൽ ഈ വിഷയം ഔദ്യോഗികമായി ചർച്ച ചെയ്യും.
‘ലഭ്യമായ വരുമാനത്തിൽ വർധനവ് വരുത്തുന്നതിനായി ലോകമെമ്പാടുമുള്ള അസോസിയേഷനുകളുമായി ഫിഫ ചർച്ച നടത്തിവരികയാണ്. യോഗ്യത നേടുന്ന എല്ലാ ടീമുകൾക്കും നൽകുന്ന സാമ്പത്തിക വിഹിതവും 211 അംഗ അസോസിയേഷനുകൾക്കുള്ള വികസന ഫണ്ടും വർധിപ്പിക്കാൻ നിർദേശമുണ്ട്’ ഫിഫ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. ഫിഫ ഫോർവേഡ് പ്രോഗ്രാമിലൂടെ ആഗോള ഫുട്ബോളിന് കരുത്തേകാൻ തക്കവണ്ണം ഏറ്റവും ശക്തമായ സാമ്പത്തിക നിലയിലാണ് നിലവിൽ ഫിഫയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.