'മെസിയും അർജൻറീനയും പുറത്താകരുതെന്ന് ഫിഫയ്ക്ക് നിർബന്ധമുണ്ടായിരുന്നു' ; പൊട്ടിത്തെറിച്ച് ഈജിപ്ത് ; റഫറിയിങ് വിവാദം കത്തുന്നു
ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജൻറീനയോട് പൊരുതിത്തോറ്റതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് ടീമിൻറെ മുഖ്യപരിശീലകൻ ഹൊസാം ഹസൻ. സൂപ്പർ താരം ലിയോണൽ മെസിയും അർജൻറീനയും ടൂർണമെൻറിൽ തുടരണമെന്ന് ഫിഫ ആഗ്രഹിച്ചിരുന്നതായും, മത്സരഫലം ബാഹ്യശക്തികളാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും ഹസൻ ആരോപിച്ചു.
അറ്റ്ലാൻറ: ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജൻറീനയോട് പൊരുതിത്തോറ്റതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് ടീമിൻറെ മുഖ്യപരിശീലകൻ ഹൊസാം ഹസൻ. സൂപ്പർ താരം ലിയോണൽ മെസിയും അർജൻറീനയും ടൂർണമെൻറിൽ തുടരണമെന്ന് ഫിഫ ആഗ്രഹിച്ചിരുന്നതായും, മത്സരഫലം ബാഹ്യശക്തികളാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും ഹസൻ ആരോപിച്ചു.
യാസർ ഇബ്രാഹിമിന്റെയും മോസ്തഫ സിക്കോയുടെയും ഗോളുകളിൽ രണ്ട് ഗോളിന്റെ ലീഡ് നേടിയ ഈജിപ്ത് ചരിത്രവിജയത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാൽ അവസാന 12 മിനിറ്റിലും ഇഞ്ചുറി ടൈമിലും ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളുകളിലൂടെ അർജന്റീന അതിശയകരമായ തിരിച്ചുവരവ് നടത്തി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.
എൻസോ ഫെർണാണ്ടസിന്റെ വിജയഗോളിന് പിന്നാലെ ടച്ച്‌ലൈനിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. റഫറിയായ ഫ്രാൻസ്വ ലെറ്റെക്സിയറോട് പ്രതിഷേധിച്ച ഈജിപ്തിന്റെ ഗോൾകീപ്പിങ് കോച്ച് സാഫാൻ എൽ-സഗീറിന് ചുവപ്പ് കാർഡ് ലഭിച്ചു. അതേസമയം, റഫറിയെ നേരിടാൻ ശ്രമിച്ച പരിശീലകൻ ഹൊസാം ഹസ്സനെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
അർജന്റീനയുടെ വിജയഗോളിന് തൊട്ടുമുമ്പ് മുഹമ്മദ് സലായെ ജൂലിയൻ അൽവാരസ് പെനാൽറ്റി ബോക്സിൽ വീഴ്ത്തിയിട്ടും പെനാൽറ്റി അനുവദിക്കാത്തതാണ് പ്രധാന വിവാദമായി ഉയർന്നത്. ഇതിന് പുറമെ, ആദ്യപകുതിയിൽ ഈജിപ്ത് നേടിയ മറ്റൊരു ഗോൾ വാർ പരിശോധനയ്ക്ക് ശേഷം ഫൗൾ ചൂണ്ടിക്കാട്ടി റദ്ദാക്കിയതും പ്രതിഷേധത്തിന് കാരണമായി. സലായുടെ മുന്നേറ്റം റഫറി ഫൗൾ വിളിച്ച് തടഞ്ഞ സംഭവവും ആരാധകർ കടുത്ത വിമർശനത്തിന് വിധേയമാക്കി.
മത്സരശേഷം മാധ്യമങ്ങളെ കണ്ട ഹൊസാം ഹസ്സൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഫുട്ബോളിൽ നീതി ലഭിച്ചില്ലെന്നും, ലോകചാമ്പ്യന്മാർ ടൂർണമെന്റിൽ തുടരണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മെസ്സി ലോകകപ്പിൽ തുടരണമെന്ന ലക്ഷ്യത്തോടെയാണ് തീരുമാനങ്ങളെടുത്തതെന്ന സൂചനയും ഹസ്സൻ നൽകി.
മത്സരത്തിനിടെ കൈകൾ കൊണ്ട് 'ടി' ആകൃതിയിലുള്ള ആംഗ്യം കാട്ടിയും ഹസ്സൻ പ്രതിഷേധം രേഖപ്പെടുത്തി. റഫറിയുടെ നിയമനത്തിൽ നേരത്തേ തന്നെ എതിർപ്പുണ്ടായിരുന്നുവെന്നും, മത്സരത്തിൽ ആഭ്യന്തരവും ബാഹ്യവുമായ ഇടപെടലുകൾ ഉണ്ടായെന്നുമാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. ഈജിപ്ത് താരം മോസ്തഫ സിക്കോയും മത്സരശേഷം വികാരാധീനനായി. റഫറിയുടെ തീരുമാനങ്ങൾ ഒരു രാജ്യത്തിന്റെ സ്വപ്നങ്ങളെയാണ് തകർത്തതെന്നും, വിജയി മുൻകൂട്ടി തീരുമാനിക്കപ്പെട്ടതുപോലെയായിരുന്നു മത്സരമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ ചില നടപടികളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. അർജന്റീനയുടെ മുൻ മത്സരശേഷമുള്ള അദ്ദേഹത്തിന്റെ ആഘോഷങ്ങളും മറ്റ് ചില വിവാദ തീരുമാനങ്ങളും ആരാധകർ വീണ്ടും ഉയർത്തിക്കാട്ടുന്നുണ്ട്. കൂടാതെ ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനലിലെ ഒഫീഷ്യൽ നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
അതേസമയം, ഫിഫയോ മത്സരത്തിലെ റഫറിമാരോ മനഃപൂർവം ഒത്തുകളി നടത്തിയെന്നതിന് നിലവിൽ സ്ഥിരീകരിക്കപ്പെട്ട തെളിവുകളൊന്നുമില്ല. മത്സരത്തിൽ അർജന്റീനയ്ക്ക് ലഭിച്ച ആദ്യപകുതിയിലെ പെനാൽറ്റി ലയണൽ മെസ്സി നഷ്ടപ്പെടുത്തിയതും ശ്രദ്ധേയമാണ്. വിവാദങ്ങൾക്കിടെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ്.