മയക്കുമരുന്ന് ഉപയോഗം: ഓസ്ട്രേലിയൻ ബാറ്റർ ക്രിസ് ലിന്നിന് വിലക്ക്
കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് ഒരു മാസത്തെ വിലക്കേർപ്പെടുത്തി. ഇംഗ്ലണ്ടിലെ ആഭ്യന്തര ടി20 ടൂർണമെന്റായ ടി20 ബ്ലാസ്റ്റിൽ നോർത്താംപ്ടൻഷെയറിനായി മത്സരിക്കുന്നതിനിടെയാണ് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം കൂടിയായ ലിൻ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടത്. കഴിഞ്ഞ ജൂലൈയിൽ നടന്ന ടി20 ബ്ലാസ്റ്റ് ഫൈനൽസ് ഡേയിലായിരുന്നു പരിശോധന.
ലണ്ടൻ: കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് ഒരു മാസത്തെ വിലക്കേർപ്പെടുത്തി. ഇംഗ്ലണ്ടിലെ ആഭ്യന്തര ടി20 ടൂർണമെന്റായ ടി20 ബ്ലാസ്റ്റിൽ നോർത്താംപ്ടൻഷെയറിനായി മത്സരിക്കുന്നതിനിടെയാണ് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം കൂടിയായ ലിൻ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടത്. കഴിഞ്ഞ ജൂലൈയിൽ നടന്ന ടി20 ബ്ലാസ്റ്റ് ഫൈനൽസ് ഡേയിലായിരുന്നു പരിശോധന. മത്സരത്തിന് ശേഷമെടുത്ത മൂത്ര സാമ്പിൾ ഫ്രാൻസിലെ ലബോറട്ടറിയിൽ അയച്ച് പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ജൂലൈ 31-ന് പരിശോധനാ ഫലം പുറത്തുവന്നതോടെ താരത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
മത്സരങ്ങൾ ഇല്ലാത്ത സമയത്താണ് താൻ കൊക്കെയ്ൻ ഉപയോഗിച്ചതെന്നും കളത്തിൽ മികച്ച പ്രകടനം നടത്തുന്നതിനായിരുന്നില്ല ഇതെന്നും 36-കാരനായ ലിൻ സമ്മതിച്ചു. ജൂലൈ 15 രാത്രിയും 16 പുലർച്ചെയുമാണ് ലഹരിമരുന്ന് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് താരത്തെ ലഹരിവിമുക്തി ചികിത്സാ പ്രോഗ്രാമിൽ പങ്കെടുപ്പിച്ചു. ചികിത്സ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് മൂന്ന് മാസത്തെ വിലക്ക് ഒരു മാസമായി ചുരുക്കി നൽകിയത്.ഫൈനൽസ് ഡേയിൽ നടന്ന രണ്ട് മത്സരങ്ങളിൽ നിന്ന് 39, 4 എന്നിങ്ങനെയാണ് ലിന്നിന്റെ സ്കോർ. ടൂർണമെന്റിൽ നോർത്താംപ്ടൻഷെയർ മൂന്നാം തവണയും കിരീടം സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയക്കായി 4 ഏകദിനങ്ങളിലും 18 ടി20 മത്സരങ്ങളിലും ലിൻ കളിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേറ്റ്സിനായി താരം കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.