ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ അച്ചടക്ക നടപടി; 30 ദിവസത്തെ സസ്‌പെന്‍ഷനും 255 യൂറോ പിഴയും

നേഷന്‍സ് ലീഗില്‍ നവംബര്‍ 14ന് ഡെന്മാര്‍ക്കിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം.

 

സെപ്റ്റംബര്‍ 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ അടുത്ത ഫിഫ വിന്‍ഡോയിലെ മത്സരങ്ങള്‍ റൊണാള്‍ഡോയ്ക്ക് നഷ്ടമാകില്ല.

പരിശീലകനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ദേശീയ ടീമിന്റെ ക്യാംപില്‍നിന്ന് ഇറങ്ങിപ്പോയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ അച്ചടക്ക നടപടിയുമായി പോര്‍ച്ചുഗല്‍. താരത്തിന് 30 ദിവസത്തെ സസ്‌പെന്‍ഷനും 255 യൂറോ പിഴയും ചുമത്തിയതായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍, സെപ്റ്റംബര്‍ 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ അടുത്ത ഫിഫ വിന്‍ഡോയിലെ മത്സരങ്ങള്‍ റൊണാള്‍ഡോയ്ക്ക് നഷ്ടമാകില്ല. നേഷന്‍സ് ലീഗില്‍ നവംബര്‍ 14ന് ഡെന്മാര്‍ക്കിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം.


റൊണാള്‍ഡോയെ ദേശീയ ടീമില്‍ വീണ്ടും ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണോ വിലക്കിന് മുന്‍കാല പ്രാബല്യം നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സെപ്റ്റംബര്‍ 27ന് നോര്‍വേയ്ക്കെതിരായ മത്സരത്തില്‍ വാംഅപ്പ് ചെയ്തിട്ടും കളത്തിലിറക്കാതിരുന്നതും, ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കുമെന്ന പരിശീലകന്‍ ജെസ്യൂസിന്റെ വാക്ക് പാലിക്കാതിരുന്നതുമാണ് 41കാരനായ റൊണാള്‍ഡോയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെയാണ് താരം ദേശീയ ക്യാംപില്‍നിന്ന് ഇറങ്ങിപ്പോയത്.