തോറ്റോ... കണക്കായി പോയി! പോർച്ചുഗലിന്റെ തോൽവിയിൽ സന്തോഷം; മകന് ദേശീയ ടീമിൽ നിന്ന് അർഹിച്ച ആദരം ലഭിച്ചില്ലെന്ന് ക്രിസ്റ്റ്യാനോയുടെ അമ്മ
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിനു പിന്നാലെ നേഷൻസ് ലീഗിൽ കളിക്കാനിറങ്ങിയ പോർച്ചുഗൽ ഡെൻമാർക്കിനോട് 4-1 ന് പരാജയപ്പെട്ടത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, പോർച്ചുഗലിന്റെ ഈ ദയനീയ തോൽവിയിൽ തനിക്ക് സന്തോഷമേ ഉള്ളൂവെന്ന് പ്രതികരിച്ച് ക്രിസ്റ്റ്യാനോയുടെ അമ്മ മരിയ ഡോളോറെസ് അവെയ്രോ രംഗത്തെത്തി.
ലിസ്ബൻ: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിനു പിന്നാലെ നേഷൻസ് ലീഗിൽ കളിക്കാനിറങ്ങിയ പോർച്ചുഗൽ ഡെൻമാർക്കിനോട് 4-1 ന് പരാജയപ്പെട്ടത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, പോർച്ചുഗലിന്റെ ഈ ദയനീയ തോൽവിയിൽ തനിക്ക് സന്തോഷമേ ഉള്ളൂവെന്ന് പ്രതികരിച്ച് ക്രിസ്റ്റ്യാനോയുടെ അമ്മ മരിയ ഡോളോറെസ് അവെയ്രോ രംഗത്തെത്തി.
"ആ തോൽവി പോർച്ചുഗൽ ടീം അർഹിച്ചതാണ്. അതിൽ എനിക്ക് സന്തോഷവുമുണ്ട്. ഒരു താരത്തിന് ആദരം അർപ്പിക്കേണ്ടത് അവൻ കളിക്കാനിറങ്ങുമ്പോഴാണ്, അല്ലാതെ ഇങ്ങനെ അല്ല. റൊണാൾഡോയുടെ ബാല്യകാല ക്ലബായ സ്പോർടിങ് അവന് അർഹമായ ആദരം നൽകാൻ പോകുകയാണ്. കാരണം അവർക്ക് അവന്റെ മൂല്യം തിരിച്ചറിയാനുള്ള വിവേകമുണ്ട്," മരിയ വ്യക്തമാക്കി.
തന്റെ മകന് പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് യാതൊരു ബഹുമാനവും ലഭിച്ചില്ലെന്നും, എന്തിന് സഹതാരങ്ങൾ പോലും അവനെ വേണ്ടത്ര പരിഗണിച്ചില്ലെന്നും അവർ തുറന്നടിച്ചു. പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് വിരമിക്കൽ മത്സരം കളിക്കാനുള്ള പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം ക്രിസ്റ്റ്യാനോ നിരസിച്ചിരുന്നു. പരിശീലകനോട് സംസാരിക്കാൻ പോലും തനിക്ക് താൽപ്പര്യമില്ലെന്നായിരുന്നു താരത്തിന്റെ നിലപാട്.
തുടർന്ന് റൊണാൾഡോയ്ക്കുള്ള ആദരമെന്ന നിലയിലാണ് ഡെൻമാർക്കിനെതിരെ പോർച്ചുഗൽ കളിക്കാനിറങ്ങിയത്. ഇതിന്റെ ഭാഗമായി ടീമിലെ 11 താരങ്ങളും അദ്ദേഹം ധരിച്ചിരുന്ന വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സി അണിഞ്ഞാണ് കളത്തിലിറങ്ങിയത്. കൂടാതെ കളിയുടെ ഏഴാം മിനിറ്റിൽ മത്സരം നിർത്തിവച്ചും ടീം താരത്തിന് ആദരവറിയിച്ചിരുന്നു. എന്നാൽ ഇതൊന്നുമായിരുന്നില്ല തന്റെ മകൻ അർഹിച്ചിരുന്നതെന്നാണ് മരിയയുടെ പ്രതികരണം വ്യക്തമാക്കുന്നത്.