പകരംവീട്ടി കാലിക്കറ്റ് എഫ്‌സി; റിയൽ മലബാറിനെ തകർത്ത് കോഴിക്കോടൻ ക്ലബ്ബിന്റെ അശ്വമേധം
ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോൽവിക്ക് റിയൽ മലബാർ എഫ്‌സിയോട് പകരംവീട്ടി കാലിക്കറ്റ് എഫ്‌സി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് (കെപിഎൽ) 2025-26 സൂപ്പർ എട്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കോഴിക്കോടിന്റെ സ്വന്തം ടീമിന്റെ ജയം.
തൃശൂർ: ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോൽവിക്ക് റിയൽ മലബാർ എഫ്‌സിയോട് പകരംവീട്ടി കാലിക്കറ്റ് എഫ്‌സി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് (കെപിഎൽ) 2025-26 സൂപ്പർ എട്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കോഴിക്കോടിന്റെ സ്വന്തം ടീമിന്റെ ജയം. ടീമിനായി അർപ് കോന്യാക് (18'), മനോജ് (56') എന്നിവർ ഗോളുകൾ നേടി. സൂപ്പർ 8 ഘട്ടത്തിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച ടീം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
നായകൻ അർജുൻ ജയരാജിന്റെ നേതൃത്വത്തിൽ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കാനാണ് കാലിക്കറ്റ് എഫ്‌സി തന്ത്രം മെനഞ്ഞത്. റിയൽ മലബാറിന്റെ പെനാൽറ്റി ബോക്സിൽ നിരന്തരം അപകടം വിതച്ച കാലിക്കറ്റിന് 18-ാം മിനിറ്റിൽ തന്നെ അതിനുള്ള പ്രതിഫലം ലഭിച്ചു. ലാൽസ്വമ്പ്യൂയ എടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. കോർണർ കിക്ക് ഹാഷിർ കൃത്യമായൊരു ഹെഡറിലൂടെ അർപ് കോന്യാകിന് മറിച്ചുനൽകി. പന്ത് കോന്യാക് യാതൊരു പിഴവുമില്ലാതെ പന്ത് വലയിലേക്ക് ചെത്തിയിട്ടതോടെ കാലിക്കറ്റിന് അർഹിച്ച ലീഡ് (1-0).
ആദ്യ ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച റിയൽ മലബാർ സമനിലയ്ക്കായി കിണഞ്ഞുശ്രമിച്ചു. എന്നാൽ മനോജും റിജോണും കാവൽനിന്ന കാലിക്കറ്റിന്റെ പ്രതിരോധക്കോട്ട ഭേദിക്കാൻ അവരുടെ സ്ട്രൈക്കർമാർക്കായില്ല. 36-ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് റാഷിദ് നീട്ടിനൽകിയ പന്തുമായി വിങ്ങിലൂടെ കുതിച്ച ഹാഷിറിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും, റിയൽ മലബാർ ഗോളി സിനാന്റെ അവസരോചിതമായ ഇടപെടൽ ലീഡ് ഉയർത്തുന്നതിൽ നിന്ന് കാലിക്കറ്റിനെ തടഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളും കരുതലോടെയാണ് പന്തുതട്ടിയത്. എന്നാൽ 55-ാം മിനിറ്റിൽ കളി മാറിമറിഞ്ഞു. സ്വന്തം പകുതിയിൽ നിന്ന് പന്തുമായി കുതിച്ച കാലിക്കറ്റിന്റെ ഷംനാദിനെ പെനാൽറ്റി ഏരിയയ്ക്ക് തൊട്ടരികിൽ വെച്ച് റിയൽ മലബാർ പ്രതിരോധം വീഴ്ത്തി.
തുടർന്ന് ലഭിച്ച ഫ്രീകിക്ക് എടുത്തത് ഹാഷിർ. ഹാഷിറിന്റെ തകർപ്പൻ ഷോട്ട് റിയൽ മലബാർ ഗോളി തടുത്തുമാറ്റിയെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. റീബൗണ്ട് ചെയ്തുവന്ന പന്തിനായി കാത്തുനിന്ന കാലിക്കറ്റ് പ്രതിരോധതാരം മനോജ് ഒരു സ്ട്രൈക്കറുടെ മികവോടെ പന്ത് വലയിലാക്കിയപ്പോൾ കോഴിക്കോടൻ പടയുടെ ലീഡ് ഇരട്ടിയായി (2-0).
രണ്ട് ഗോളിന്റെ ലീഡ് നേടിയതോടെ കാലിക്കറ്റ് നിരയുടെ ആത്മവിശ്വാസം വാനോളമുയർന്നു. 62-ാം മിനിറ്റിൽ ഹാഷിർ വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, സെൻട്രൽ പ്രതിരോധത്തിൽ നിന്നും പന്തുമായി കയറിവന്ന മനോജ് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്ക് നൽകിയ ലോ ക്രോസ് റിയൽ മലബാറിന് വലിയ ഭീഷണിയാണ് ഉയർത്തിയത്.
വിജയക്കുതിപ്പ് തുടരുന്ന കാലിക്കറ്റ് എഫ്‌സിയുടെ സൂപ്പർ എട്ടിലെ അവസാന മത്സരം മെയ് 26 ന് രാത്രി എട്ടു മണിക്ക് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വമ്പന്മാരായ ഗോകുലം കേരള എഫ്‌സിക്കെതിരെയാണ്.