കെപിഎല്ലിൽ അവസാന ഗ്രൂപ്പ് മത്സരത്തിനൊരുങ്ങി കാലിക്കറ്റ് എഫ്‌സി, എതിരാളികൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
കേരള പ്രീമിയർ ലീഗ് 2025-26 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനൊരുങ്ങി കാലിക്കറ്റ് എഫ്‌സി. ഏപ്രിൽ 28 ചൊവ്വാഴ്ച രാത്രി 7:00ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാണ് എതിരാളികൾ.
കോഴിക്കോട്: കേരള പ്രീമിയർ ലീഗ് 2025-26 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനൊരുങ്ങി കാലിക്കറ്റ് എഫ്‌സി. ഏപ്രിൽ 28 ചൊവ്വാഴ്ച രാത്രി 7:00ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളായ ഇഎംഇഎ കോളേജിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ന് ഇറങ്ങുന്നത്. ഈ മത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി കാലിക്കറ്റ് എഫ്‌സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കൂടാതെ, കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ ടീം സൂപ്പർ 8-ലേക്കുള്ള യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ, അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായി ഗ്രൂപ്പിൽ ആറാം സ്ഥാനത്താണ്.
ഈ മത്സരത്തിൽ ജയിച്ച് മൂന്ന് പോയിന്റ് നേടാനും, പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കാനുമാണ് ബിബി തോമസിന്റെ നേതൃത്വത്തിലുള്ള ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ റിയൽ മലബാറിനെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ അവസാന അങ്കത്തിനെത്തുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ എട്ട് ഗോളുകൾ നേടിയ കാലിക്കറ്റ് എഫ്സി വഴങ്ങിയത് രണ്ട് ഗോളുകൾ മാത്രമാണ്. ലീഗിലെ രണ്ട് ഗ്രൂപ്പുകളിലുമായി നിലവിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ, മനോജ് നയിക്കുന്ന ടീമിന്റെ പ്രതിരോധ നിര ശക്തമാണ്.