അമീൻ ‘ഡബിൾ’! പോലീസിനെ വീഴ്ത്തി കെപിഎൽ ഫൈനലിലേക്ക് ടിക്കറ്റെടുത്ത് കാലിക്കറ്റ് എഫ്‌സി

അരങ്ങേറ്റ സീസണിൽ തന്നെ കേരള പ്രീമിയർ ലീഗ്  (കെപിഎൽ) 2025-26 ന്റെ ഫൈനലിലേക്ക് ടിക്കറ്റെടുത്ത് ചരിത്രമെഴുതി കാലിക്കറ്റ് എഫ്‌സി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന സെമിഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ കേരള പൊലീസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് എഫ്‌സിയുടെ ആധികാരിക വിജയം.

 

തൃശൂർ: അരങ്ങേറ്റ സീസണിൽ തന്നെ കേരള പ്രീമിയർ ലീഗ്  (കെപിഎൽ) 2025-26 ന്റെ ഫൈനലിലേക്ക് ടിക്കറ്റെടുത്ത് ചരിത്രമെഴുതി കാലിക്കറ്റ് എഫ്‌സി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന സെമിഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ കേരള പൊലീസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് എഫ്‌സിയുടെ ആധികാരിക വിജയം.

കാലിക്കറ്റ് എഫ്‌സിക്കായി അമീൻ നേടിയ ഇരട്ട ഗോളുകളാണ് (8', 85') കാലിക്കറ്റിന് ഫൈനൽ ബർത്ത് സമ്മാനിച്ചത്. പോലീസിന്റെ ആശ്വാസഗോൾ നേടിയത് സജീഷ് (പുഞ്ചിരി) (82') ആയിരുന്നു.

മത്സരത്തിന്റെ വിസിൽ മുഴങ്ങി എട്ടാം മിനിറ്റിൽ തന്നെ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കാലിക്കറ്റ് ആദ്യ വെടിപൊട്ടിച്ചു. ലാൽസ്വമ്പ്യൂയ എടുത്ത കോർണറിൽ നിന്ന് വന്ന പന്ത് തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ട് പ്രതിരോധത്തിലെ അമരക്കാരൻ അമീൻ കോഴിക്കാടൻ ക്ലബിന് മത്സരത്തിൽ ലീഡും ആധിപത്യവും നൽകി.

ആദ്യ ഗോളിന്റെ ആത്മവിശ്വാസത്തിൽ കാലിക്കറ്റ് കളം നിറഞ്ഞു കളിച്ചു. പതിനെട്ടാം മിനിറ്റിൽ രാഹുൽ വേണുവുമായി ചേർന്ന് നടത്തിയ മുന്നേറ്റത്തിൽ പോലീസ് ടീമിന്റെ പ്രതിരോധം തകർന്നെങ്കിലും, ഷംനാദ് എടുത്ത ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടു. ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ പൊലീസ് കിണഞ്ഞു ശ്രമിച്ചെങ്കിലും അമീനും മനോജും നയിച്ച കാലിക്കറ്റ് പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.

രണ്ടാം പകുതിയിൽ സമനിലയ്ക്കായി സർവ്വശക്തിയുമെടുത്ത് ആക്രമിക്കുന്ന കേരള പൊലീസിനെയാണ് കണ്ടത്. എന്നാൽ കാലിക്കറ്റ് ഗോളി ബിഷോജിത് സിംഗ് വലയ്ക്ക് മുന്നിൽ രക്ഷകനായി അവതരിച്ചു. 75-ാം മിനിറ്റിൽ പൊലീസിന്റെ നിധിൻ മധുവും അജിത്തും ചേർന്ന് നടത്തിയ ഗോൾശ്രമം തലനാരിഴയ്ക്കാണ് പുറത്തുപോയത്.

നിരന്തരമായ ശ്രമത്തിനൊടുവിൽ എൺപത്തി രണ്ടാം മിനിറ്റിൽ കേരള പോലീസ് സമനില ഗോൾ നേടുന്നു. മധ്യനിരയിൽ നിന്ന് ശ്രീരാഗ് നൽകിയ പന്ത് വിങ്ങിലൂടെ ജോബിൻ ബോക്സിലേക്ക് ക്രോസ്സ് ചെയ്തു. ഓടിയെത്തിയ 'പുഞ്ചിരി' സജീഷിന്റെ ക്ലോസ് റേഞ്ച് ഫിനിഷിംഗ് കാലിക്കറ്റിൽ വലയിലേക്ക്.

മൂന്ന് മിനിറ്റുകൾ മാത്രമാണ് പോലീസ് ടീമിന്റെ സന്തോഷം നിലനിന്നത്. ആദ്യ ഗോളിന്റെ പുനരാവിഷ്കരണം പോലെ 85-ാം മിനിറ്റിൽ കാലിക്കറ്റ് എഫ്‌സി ലീഡ് വീണ്ടും തിരിച്ചു പിടിച്ചു. ലാൽസ്വമ്പ്യൂയ എടുത്ത കോർണർ വീണ്ടും അമീനിനെ തേടിയെത്തുന്നു. വീണ്ടും ലാൽസ്വമ്പ്യൂയയുടെ മനോഹരമായ കോർണർ കിക്ക്. മാർക്ക് ചെയ്യപ്പെടാതെ നിന്ന അമീൻ പന്ത് വലയിലേക്ക് പായിച്ചപ്പോൾ കാലിക്കറ്റ് ക്യാമ്പിൽ ആവേശത്തിന്റെ തിരയിളകി. കാലിക്കറ്റ് എഫ്‌സി ഫൈനലിലേക്ക്.

യുവതാരങ്ങൾക്ക് കണ്ടെത്തി വളർത്തിയെടുക്കുക, അവർക്ക് മത്സരപരിചയം നൽകുക എന്ന ലക്ഷ്യത്തോടെ കെപിഎല്ലിന് ആദ്യമായി ഇറങ്ങിയ കാലിക്കറ്റ് എഫ്‌സിക്ക് ഇതൊരു സുവർണ നേട്ടമാണ്.കേരള പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടം മെയ് 31 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറും.