പവൻരാജിന്‍റെ ബൌളിങ് മികവിൽ ഉത്തരാഖണ്ഡിനെ എറിഞ്ഞൊതുക്കി കേരളം. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് ലീഡും സമനിലയും
സികെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് കേരളം. 200 റൺസിന്‍റെ ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓൺ ചെയ്യിച്ച കേരളം, രണ്ടാം ഇന്നിങ്സിൽ അവരുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.
സികെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് കേരളം. 200 റൺസിന്‍റെ ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓൺ ചെയ്യിച്ച കേരളം, രണ്ടാം ഇന്നിങ്സിൽ അവരുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.
നാല് വിക്കറ്റിന് 105 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഉത്തരാഖണ്ഡ് 321 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. പവൻ രാജിന്‍റെ 5 വിക്കറ്റ് പ്രകടനമായിരുന്നു ഉത്തരാഖണ്ഡ് ബാറ്റിങ് നിരയെ തകർത്തത്. മൂന്ന്മുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ വീഴ്ത്തി ഉത്തരാഖണ്ഡ് ബാറ്റിങ്ങിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ട പവൻരാജ് വാലറ്റത്തെയും എറിഞ്ഞൊതുക്കി കേരളത്തിന് വിലപ്പെട്ട ലീഡ് സമ്മാനിച്ചു. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോമും, കിരൺ സാഗറും രണ്ട് വിക്കറ്റ് വീതവും അഹ്മദ് ഇമ്രാൻ ഒരു വിക്കറ്റും വീഴ്ത്തി.
മധ്യനിരയുടെ ചെറുത്തുനില്‍പ്പാണ് ഉത്തരാഖണ്ഡിൻ്റെ ഇന്നിങ്സ് 321 വരെ നീട്ടിയത്. ശാശ്വത് ദാംഗ്വാൾ 60ഉം,റോഹി 58ഉം, ആരുഷ് 80ഉം റൺസെടുത്തു. ഫോളോ ഓൺ ചെയ്ത് വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിൻ്റെ രണ്ടാം ഇന്നിങ്സ് തുടക്കവും തകർച്ചയോടെയായിരുന്നു. മൂന്ന് വിക്കറ്റുമായി ഏദൻ ആപ്പിൾ ടോം ആണ് രണ്ടാം ഇന്നിങ്സിലും കേരളത്തിന് മുൻതൂക്കം നല്കിയത്. ഉത്തരാഖണ്ഡ് മൂന്ന് വിക്കറ്റിന് 49 റൺസെന്ന നിലയിൽ നില്‍ക്കെ വെളിച്ചക്കുറവിനെ തുടർന്ന് കളി അവസാനിപ്പിക്കുകയായിരുന്നു.
മഴയെ തുടർന്ന് പകുതിയിലേറെ കളിയും നഷ്ടപ്പെട്ട മത്സരത്തിൽ ലീഡ് നേടി വിലപ്പെട്ട പോയിന്‍റ് സ്വന്തമാക്കാനായത് കേരളത്തെ സംബന്ധിച്ച് നേട്ടമായി. നാല് ദിവസങ്ങളിലുമായി ആകെ 200 ഓവറിൽ താഴെ മാത്രമായിരുന്നു എറിയാനായത്. എന്നാൽ ഒരേ സമയം ഫോമിലേക്കുയർന്ന ബാറ്റിങ് - ബൌളിങ് നിരകൾ മഴയെ അതിജീവിച്ചും കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു