സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കേരളത്തെ ഏഴ് വിക്കറ്റിന് തോല്പിച്ച് ആന്ധ്ര

സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കേരളത്തിന് ആന്ധ്രയോട് തോൽവി. ഏഴ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 12-ആം ഓവറിൽ തന്നെ ലക്ഷ്യത്തിലെത്തി. അ‍ർദ്ധ സെഞ്ച്വറി നേടിയ ആന്ധ്രയുടെ കെ എസ് ഭരതാണ് പ്ലെയർ ഓഫ് ദി മാച്ച്

 

ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കേരളത്തിന് ആന്ധ്രയോട് തോൽവി. ഏഴ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 12-ആം ഓവറിൽ തന്നെ ലക്ഷ്യത്തിലെത്തി. അ‍ർദ്ധ സെഞ്ച്വറി നേടിയ ആന്ധ്രയുടെ കെ എസ് ഭരതാണ് പ്ലെയർ ഓഫ് ദി മാച്ച്

മുംബൈയ്ക്ക് എതിരെയുള്ള ഉജ്ജ്വല വിജയത്തിൻ്റെ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ കേരളത്തിന് ആന്ധ്രയ്ക്കെതിരെ ആ മികവ് ആവർത്തിക്കാനായില്ല. ബാറ്റ‍ർമാരുടെ ദയനീയ പ്രകടനമാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. സഞ്ജുവിന് പുറമെ രണ്ടക്കം കടന്നത് 13 റൺസെടുത്ത നിധീഷ് എംഡി മാത്രം. രണ്ട് റൺസെടുത്ത രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടർന്ന് വിക്കറ്റുകൾ മുറയ്ക്ക് വീണു. മൊഹമ്മദ് അസറുദ്ദീൻ ആറും കൃഷ്ണപ്രസാദും സൽമാൻ നിസാറും അഞ്ചും അബ്ദുൾ ബാസിദ് രണ്ടും ഷറഫുദ്ദീൻ മൂന്നും റൺസ് നേടി മടങ്ങി. ഓപ്പണറായി ഇറങ്ങിയ സഞ്ജു 73 റൺസുമായി പുറത്താകാതെ നിന്നു. 56 പന്തുകളിൽ എട്ട് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നിങ്സ്. ആന്ധ്രയ്ക്ക് വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രയ്ക്ക് ഓപ്പണർമാരായ കെ എസ് ഭരതും അശ്വിൻ ഹെബ്ബാറും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. അശ്വിൻ ഹെബ്ബാർ 20 പന്തുകളിൽ 27ഉം കെ എസ് ഭരത് 28 പന്തുകളിൽ 53ഉം റൺസ് നേടി. അവിനാഷ് പൈല 12 പന്തുകളിൽ നിന്ന് 20 റൺസെടുത്തു. ഷൈക് റഷീദ് ആറും റിക്കി ഭുയി ഒൻപതും റൺസുമായി പുറത്താകാതെ നിന്നു. എട്ടോവർ ബാക്കി നില്ക്കെ ആന്ധ്ര അനായാസം ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി വിഘ്നേഷ് പുത്തൂ‍ർ, ബിജു നാരായണൻ,അബ്ദുൾ ബാസിദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.