ഞങ്ങൾ ഇരുവരും ഗ്രൗണ്ടിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുന്നവരാണ്, അതിനാൽ ‘തീയും ഐസുമല്ല, മറിച്ച് തീയും തീയുമാണ്’ ; അഭിഷേക് ശർമയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് സഞ്ജു
തന്റെ ഓപ്പണിങ് പങ്കാളി അഭിഷേക് ശർമയുമായുള്ള തകർപ്പൻ കൂട്ടുകെട്ടിനെക്കുറിച്ച് മനസ്സ് തുറന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തങ്ങൾ ഇരുവരും ഗ്രൗണ്ടിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുന്നവരാണെന്നും അതിനാൽ ‘തീയും ഐസുമല്ല, മറിച്ച് തീയും തീയുമാണ്’ തങ്ങളുടെ കോംബോയെന്നും സഞ്ജു വിശേഷിപ്പിച്ചു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു താരം.
“ചില സമയങ്ങളിൽ അവൻ ആഞ്ഞടിക്കും, ചിലപ്പോൾ ഞാനും. ഒരു കേരളീയ-പഞ്ചാബി സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. ബാറ്റിംഗിനിടെ കാര്യങ്ങൾ സങ്കീർണ്ണമാക്കാറില്ല. ബോൾ എങ്ങനെ വരുന്നു എന്ന് അഭിഷേക് ചോദിച്ചാൽ, സാധാരണ പോലെയാണെന്നും സിക്‌സടിച്ചോ എന്നും ഞാൻ മറുപടി നൽകും. കളിക്കളത്തിനകത്തും പുറത്തും അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ട് ഞാൻ ആസ്വദിക്കുന്നുണ്ട്.” ബാറ്റിംഗിലെ തന്ത്രങ്ങളെക്കുറിച്ച് സഞ്ജു പറയുന്നത് ഇങ്ങനെ.
ഗൗതം ഗംഭീർ പരീക്ഷിച്ച സഞ്ജു-അഭിഷേക് ഓപ്പണിങ് ജോടി ചുരുങ്ങിയ കാലം കൊണ്ട് വലിയ ശ്രദ്ധ നേടിയിരുന്നു. ബംഗ്ലാദേശിനെതിരെ കന്നി സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയിൽ തുടർച്ചയായ രണ്ട് സെഞ്ച്വറികളും നേടി സഞ്ജു തന്റെ മികവ് തെളിയിച്ചു. ഇടക്കാലത്ത് ടീമിലെ സ്ഥാനങ്ങളിൽ മാറ്റം വന്നത് സഞ്ജുവിനെ ബാധിച്ചെങ്കിലും ട്വന്റി20 ലോകകപ്പിൽ ഐതിഹാസികമായ തിരിച്ചുവരവാണ് താരം നടത്തിയത്.
സൂപ്പർ എട്ട്, സെമിഫൈനൽ, ഫൈനൽ എന്നീ നിർണ്ണായക മത്സരങ്ങളിൽ അർധ സെഞ്ച്വറികൾ നേടിയ സഞ്ജു, ഇന്ത്യയുടെ ടോപ്പ് സ്കോറർ പദവിയും ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കി. അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.