എ.ബി.സി. കപ്പ്; ജെന്ന മറൈനേഴ്‌സ് ചാമ്പ്യന്‍മാര്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് സംഘടിപ്പിക്കുന്ന എ.ബി.സി. കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജെന്ന മറൈനേഴ്‌സ് കക്കാട് ചാമ്പ്യന്‍മാര്‍.

 

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് സംഘടിപ്പിക്കുന്ന എ.ബി.സി. കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജെന്ന മറൈനേഴ്‌സ് കക്കാട് ചാമ്പ്യന്‍മാര്‍. ഫൈനലില്‍ റെഡ് മറൈനേഴ്‌സ് കാസര്‍ഗോഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ജെന്ന മറൈനേഴ്‌സ് കക്കാട് സെമിയില്‍ റെഡ് മറൈനേഴ്‌സ് ചാലാടിനെയും റെഡ് മറൈനേഴ്‌സ് കാസര്‍ഗോഡ് റെഡ് മറൈനേഴ്‌സ് കടമ്പേരിയേയും തോല്‍പ്പിച്ചാണ് ഫൈനലിന് യോഗ്യത നേടിയത്. 

വിജയികള്‍ക്ക് 10,000 രൂപയും ട്രോഫിയും ഡെക്കാത്തലോണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രത്യേക ഗിഫ്റ്റുകളും രണ്ടാം സ്ഥാനക്കാര്‍ക്ക് 6,000 രൂപയും ഡെക്കാത്തലോണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രത്യേക ഗിഫ്റ്റുകളും നല്‍കി. സെമി ഫൈനലിലെത്തിയ എല്ലാ ടീമുകള്‍ക്കും മെഡലുകള്‍ നല്‍കി. സമാപന പരിപാടിയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് സഹപരിശീലകനും കേരള സന്തോഷ് ട്രോഫി മുഖ്യപരിശീലകനുമായ ഷഫീഖ് ഹസ്സന്‍, കണ്ണൂര്‍ ഡെക്കാത്തലോണ്‍ ഓപ്പറേഷന്‍ മാനേജര്‍ നിയാസ് ബാവ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള സമ്മാനവും നല്‍കി. എ.ബി.സി. കപ്പ് എന്ന പേരില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് റീജിയന്‍ അടിസ്ഥാനത്തിലാണ് ഫാന്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. 21 റീജിയനാണ് റെഡ് മറൈനേഴ്‌സിനുള്ളത്.