ലോകകപ്പില്‍ ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക്

 

ദോഹ: ലോകകപ്പില്‍ ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക്. ഗ്രൂപ്പ് ജിയിലെ സ്വിറ്റ്സർലൻഡുമായുള്ള അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാമറൂണുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിലും നെയ്മര്‍ കളിക്കാനുള്ള സാധ്യത വിരളമാണ്.

ലോകകപ്പിലെ സെര്‍ബിയയുമായുള്ള മത്സരത്തിലാണ് നെയ്മറിന് പരിക്കേല്‍ക്കുന്നത്. കണങ്കാലിന് പരിക്കേറ്റ നെയ്മറിനെ പരിശീലകന്‍ പിന്‍വലിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രസീലിന്റെ ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും.

പരിക്ക് ഗുരുതരമാണോയെന്ന് 48-മണിക്കൂറിന് ശേഷം മാത്രമേ പറയാനാകൂവെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലെസ്മാര്‍ പ്രതികരിച്ചു.നെയ്മര്‍ ബാക്കിയുള്ള ലോകകപ്പ് മത്സരങ്ങള്‍ കളിക്കുമെന്ന് പരിശീലകന്‍ ടിറ്റെ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

സെര്‍ബിയയുമായുള്ള ആദ്യ മത്സരത്തില്‍ നെയ്മര്‍ ഒമ്പത് തവണയാണ് ഫൗള്‍ ചെയ്യപ്പെട്ടത്. നിലവില്‍ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരം കൂടിയാണ് നെയ്മര്‍.