അര്‍ജുന പുരസ്‌കാരം കുടുംബത്തിനും പരിശീലകന്‍ ഗോപീചന്ദിനും സമര്‍പ്പിക്കുന്നുവെന്ന് ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയി

 

 


ദില്ലി : അര്‍ജുന പുരസ്‌കാരം കുടുംബത്തിനും പരിശീലകന്‍ ഗോപീചന്ദിനും സമര്‍പ്പിക്കുന്നുവെന്ന് ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയി. കരിയറില്‍ ഇതുവരെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് പുരസ്‌കാരം. രാജ്യത്തിന്റെ അംഗീകാരം കൂടുതല്‍ മികച്ച പ്രകടനത്തിനുള്ള പ്രചോദനമെന്നും മലയാളി കൂടിയായ പ്രണോയ് പറഞ്ഞു. 

പ്രണോയ്ക്ക് പുറമെ അത്‌ലറ്റ് എല്‍ദോസ് പോളിനും അര്‍ജുന അവാര്‍ഡ് ലഭിച്ചു. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്കാണ് ഇക്കുറി പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന. ഇക്കുറി ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശരത് കമല്‍ നാല് മെഡലുകള്‍ നേടിയിരുന്നു. നവംബര്‍ 30ന് 25 കായിക താരങ്ങള്‍ക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.