2034-ലെ ടി20 ലോകകപ്പ്: യുഎസും വെസ്റ്റ് ഇൻഡീസും ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്
2034-ലെ ടി20 ക്രിക്കറ്റ് ലോകകപ്പിന് യുഎസും വെസ്റ്റ് ഇൻഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ബ്രിട്ടീഷ് പത്രമായ 'ദി ഗാർഡിയനാണ്' ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, ഇക്കാര്യത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
വാഷിങ്ടൺ: 2034-ലെ ടി20 ക്രിക്കറ്റ് ലോകകപ്പിന് യുഎസും വെസ്റ്റ് ഇൻഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ബ്രിട്ടീഷ് പത്രമായ 'ദി ഗാർഡിയനാണ്' ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, ഇക്കാര്യത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
കഴിഞ്ഞയാഴ്ച ബാലിയിൽ നടന്ന യോഗത്തിൽ 2035 വരെയുള്ള ആഗോള ക്രിക്കറ്റ് ടൂർണമെന്റുകളുടെ തീയതികൾ ഐസിസി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 2034-ലെ ടി20 ലോകകപ്പ് ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായിരിക്കും നടക്കുക. എന്നാൽ, 2031-ൽ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷമുള്ള ടൂർണമെന്റുകളുടെ വേദികൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
2024-ലെ ടി20 ലോകകപ്പും വെസ്റ്റ് ഇൻഡീസും യുഎസും ചേർന്നാണ് സംഘടിപ്പിച്ചത്. അന്ന് യുഎസിൽ 16 മത്സരങ്ങളും വിൻഡീസിൽ 39 മത്സരങ്ങളുമാണ് നടന്നത്. അമേരിക്കൻ വിപണിയിൽ ക്രിക്കറ്റിന്റെ ജനപ്രീതിയും വാണിജ്യ സാധ്യതകളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഈ വേദികൾ പരിഗണിക്കുന്നതെന്നാണ് സൂചന. മേജർ ലീഗ് ക്രിക്കറ്റിന്റെ വരവോടെയും 2028-ലെ ഒളിമ്പിക്സ് ഒരുക്കങ്ങളിലൂടെയും യുഎസിൽ ക്രിക്കറ്റിന് വലിയ മുന്നേറ്റമുണ്ടായതായും, ഇത്തവണ യുഎസിൽ കൂടുതൽ മത്സരങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 2031-ന് ശേഷമുള്ള ടൂർണമെന്റുകളുടെ ആതിഥേയത്വം സംബന്ധിച്ച നടപടിക്രമങ്ങൾ ഐസിസി തയ്യാറാക്കിവരികയാണ്. അടുത്ത വർഷത്തോടെ ഇതിന്റെ തീരുമാനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.