ബഹ്‌റൈനില്‍ ഇ-സ്‌കൂട്ടര്‍, ഇ-ബൈക്ക് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

ഇത്തരം വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ 25 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്.

 

ഇലക്ട്രിക് ബൈക്കുകള്‍ ഓടിക്കുന്നതിന് 16 വയസ്സ് പൂര്‍ത്തിയായിരിക്കണം.

ബഹ്‌റൈനില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന സുരക്ഷാ മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വേഗപരിധിയും പ്രായപരിധിയും ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.

ഇലക്ട്രിക് ബൈക്കുകള്‍ ഓടിക്കുന്നതിന് 16 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ ഏഴ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ നേരിട്ടുള്ള മേല്‍നോട്ടം നിര്‍ബന്ധമാണ്. യാത്രക്കാര്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരിക്കണം. ഇ-ബൈക്ക് യാത്രക്കാര്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം. ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഹെല്‍മെറ്റിന് പുറമെ കൈകള്‍, കാലുകള്‍, തോളുകള്‍ എന്നിവയുടെ സുരക്ഷയ്ക്കായുള്ള കവചങ്ങളും  ഉപയോഗിക്കേണ്ടതുണ്ട്.

ഇത്തരം വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ 25 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള പ്രധാന റോഡുകള്‍, ഔട്ടര്‍ റോഡുകള്‍, സാധാരണ വാഹനങ്ങള്‍ക്കായുള്ള ട്രാക്കുകള്‍, എമര്‍ജന്‍സി ലെയ്‌നുകള്‍ എന്നിവിടങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും ഓടിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.