ബഹ്റൈനില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ വീഡിയോ കണ്‍സള്‍ട്ടേഷന്‍

നവ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രാജ്യത്തെ മെഡിക്കല്‍ മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള വലിയ നീക്കത്തിന്റെ ഭാഗമാണിതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

 

ആശുപത്രികളില്‍ നേരിട്ടെത്താതെ തന്നെ രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സേവനവും നിര്‍ദ്ദേശങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

രാജ്യത്തെ ഡിജിറ്റല്‍ ആരോഗ്യസേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ വീഡിയോ കണ്‍സള്‍ട്ടേഷന്‍ സംവിധാനം വിപുലീകരിച്ച് ബഹ്റൈന്‍. ഹമദ് ടൗണ്‍ ഹെല്‍ത്ത് സെന്ററിലാണ് നവീകരിച്ച ഈ സേവനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്. ആശുപത്രികളില്‍ നേരിട്ടെത്താതെ തന്നെ രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സേവനവും നിര്‍ദ്ദേശങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ഡിജിറ്റല്‍ സേവനത്തിന് തുടക്കമായത്. നവ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രാജ്യത്തെ മെഡിക്കല്‍ മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള വലിയ നീക്കത്തിന്റെ ഭാഗമാണിതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

ചികിത്സയും പരിശോധനകളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം ആരോഗ്യരംഗത്തെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാന്‍ ഈ ടെലി-മെഡിസിന്‍ സംവിധാനം സഹായിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ വ്യക്താക്കി. അടിയന്തരമായി നേരിട്ട് പരിശോധന ആവശ്യമില്ലാത്ത അവസരങ്ങളില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരേപോലെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ആരോഗ്യമന്ത്രിയും കൂട്ടിച്ചേര്‍ത്തു.

തുടര്‍ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനും, അതിലൂടെ സമയം ലാഭിക്കാനും ഈ സംവിധാനം സഹായിക്കും. ഇതിന് പുറമെ ആരോഗ്യകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും വിഭവങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനും ഇത് വഴിതുറക്കും. വരും ദിവസങ്ങളില്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൂടുതല്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.