കുവൈത്തില്‍ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ എംബസി
വിമാനത്താവളത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ പരിശോധിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
അമേരിക്കന്‍ പൗരന്മാര്‍ വിമാന സര്‍വീസുകളിലുണ്ടാകാവുന്ന തടസ്സങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും തയ്യാറായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
മിഡില്‍ ഈസ്റ്റില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കുവൈത്തിലുള്ള അമേരിക്കന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ നിലവിലുള്ള സാഹചര്യം അപ്രതീക്ഷിതമായി കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും എംബസി മുന്നറിയിപ്പില്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ ഒന്നിന് പുറത്തിറക്കിയ സുരക്ഷാ അറിയിപ്പില്‍, മേഖലയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാര്‍ വിമാന സര്‍വീസുകളിലുണ്ടാകാവുന്ന തടസ്സങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും തയ്യാറായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍, വ്യോമപാത അടച്ചിടല്‍ തുടങ്ങിയ യാത്രാ തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി. കുവൈത്തില്‍ നിന്ന് യാത്ര ചെയ്യാനോ രാജ്യത്തേക്ക് എത്താനോ പദ്ധതിയിടുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ പരിശോധിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും യാത്രാ പദ്ധതികളില്‍ പെട്ടെന്നുണ്ടാകാവുന്ന മാറ്റങ്ങള്‍ക്ക് തയ്യാറായിരിക്കാനും അമേരിക്കന്‍ പൗരന്മാരോട് എംബസി അഭ്യര്‍ത്ഥിച്ചു.