യുഎഇയിൽ വേനൽച്ചൂട് ഉയരുന്നു
യുഎഇയിൽ വേനൽക്കാലത്തിന്റെ വരവറിയിച്ച് താപനില ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഏപ്രിൽ മാസത്തിൽ സാധാരണ അനുഭവപ്പെടാറുള്ളതിനേക്കാൾ ഉയർന്ന താപനിലയാണിത്. സാധാരണയായി തീരദേശങ്ങളിൽ 32-34 ഡിഗ്രിയും ഉൾനാടുകളിൽ 34-36 ഡിഗ്രിയുമാണ് ഈ സമയത്തെ ശരാശരി ചൂട്.

വസന്തകാലത്ത് നിന്ന് വേനലിലേക്കുള്ള ഈ മാറ്റത്തിന്റെ ഘട്ടത്തെ 'സരായത്' (Sarayat) സീസൺ എന്നാണ് വിളിക്കുന്നത്. ഈ കാലയളവിൽ കാലാവസ്ഥയിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ സ്വാഭാവികമാണ്. അതിനിടെ മെയ് മാസത്തിലെ ആദ്യ ദിവസങ്ങൾ വരെ യുഎഇയിൽ അപ്രതീക്ഷിതമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
സൗദി അറേബ്യയുൾപ്പെടെയുള്ള മേഖലകളിലെ ന്യൂനമർദ്ദം കാരണം യുഎഇയിൽ മേഘാവൃതമായ അന്തരീക്ഷവും ഒറ്റപ്പെട്ട മഴയും ഉണ്ടായേക്കാമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ആഴ്ചകളിൽ താപനില 10 ഡിഗ്രിക്ക് താഴെയെത്തിയ അസാധാരണമായ തണുപ്പ് രാജ്യത്ത് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഈ ആശ്വാസം അവസാനിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മെയ് പകുതിയോടെ ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനം വർദ്ധിക്കുന്നതോടെ അന്തരീക്ഷം കടുത്ത ഉഷ്ണതരംഗത്തിലേക്ക് മാറും.
വേനൽ ശക്തമാകുന്നതിനാൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പൊടിക്കാറ്റ് മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നിലവിൽ കഠിനമായ ചൂടും മഴമേഘങ്ങളും ഒരേസമയം പ്രകടമാകുന്ന സമ്മിശ്ര കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ ഉൾനാടൻ-തെക്കൻ മേഖലകളിൽ താപനില 50 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.