യുഎഇയിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത 

യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മുതൽ അടുത്ത വ്യാഴാഴ്ച വരെയുള്ള 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാം. ഇന്ന് രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ഈ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

 

 ദുബൈ: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മുതൽ അടുത്ത വ്യാഴാഴ്ച വരെയുള്ള 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാം. ഇന്ന് രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ഈ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഉൾപ്രദേശങ്ങളിൽ താപനില 44°C മുതൽ 49°C വരെയും, തീരദേശങ്ങളിലും ദ്വീപുകളിലും 40°C മുതൽ 45°C വരെയും ഉയരും. മലനിരകളിൽ താപനില 32°C മുതൽ 38°C വരെയായിരിക്കും.

ഇന്ന് രാത്രിയിലും നാളെ രാവിലെയുമായി പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും. നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. തുടക്കത്തിൽ കാറ്റിന്റെ വേഗത 10 മുതൽ 30 കി.മീ വരെയായിരിക്കുമെങ്കിലും കടൽ പൊതുവെ ശാന്തമായിരിക്കും. നാളെ ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ തുടരും. ചൊവ്വാഴ്ച രാവിലെയോടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിക്കുകയും മൂടൽമഞ്ഞ് അനുഭവപ്പെടുകയും ചെയ്യും. ഈ ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയർന്നുപൊങ്ങിയേക്കാം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ കിഴക്കൻ മേഖലകളിൽ നിന്നും തെക്കൻ ഭാഗങ്ങളിലേക്ക് വികസിക്കും. ബുധൻ, വ്യാഴം ​ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാകുകയും ചെയ്യും. തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ടെങ്കിലും ഓരോ ദിവസവും മഴയുടെ സ്വഭാവവും പ്രദേശങ്ങളും വ്യത്യസ്തമായിരിക്കും. ഇന്ന് വടക്കൻ-കിഴക്കൻ മേഖലകളിൽ തുടക്കമിടുന്ന നേരിയ മഴ, വരും ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴമേഘങ്ങളായി കിഴക്കൻ, തെക്കൻ മേഖലകളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്.