ബഹ്റൈനിലെ ഇറാന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇയും സൗദിയും

ഇന്നലെ ബഹ്റൈനിലുണ്ടായ ഇറാന്‍ വ്യോമാക്രമണത്തില്‍ ഒരു കേന്ദ്രത്തില്‍ തീപിടിത്തമുണ്ടാവുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ അയച്ച ഡ്രോണ്‍ സൗദി സഖ്യസേന ആകാശത്തുവെച്ച് തകര്‍ത്തു.

ബഹ്റൈന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തെ യുഎഇയും സൗദി അറേബ്യയും ശക്തമായി അപലപിച്ചു. ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ ഒരു ബഹ്റൈന്‍ പൗരനും ഒരു പാകിസ്ഥാന്‍ സ്വദേശിക്കും പരിക്കേറ്റു. ഇതിനിടെ, സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ അയച്ച ഡ്രോണ്‍ സൗദി സഖ്യസേന ആകാശത്തുവെച്ച് തകര്‍ത്തു.

ഇന്നലെ ബഹ്റൈനിലുണ്ടായ ഇറാന്‍ വ്യോമാക്രമണത്തില്‍ ഒരു കേന്ദ്രത്തില്‍ തീപിടിത്തമുണ്ടാവുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ ബഹ്റൈന്‍ പൗരന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പാകിസ്ഥാന്‍ സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ചികിത്സയിലാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തിരുന്നു. എന്നാല്‍, ആക്രമണത്തെ ന്യായീകരിക്കാനുള്ള ഇറാന്റെ വാദങ്ങള്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. സിവിലിയന്‍ വ്യവസായ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നും ഇത് സാധാരണക്കാരുടെ ജീവന് നേരിട്ടുള്ള ഭീഷണിയും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റവുമാണെന്നും ബഹ്റൈന്‍ വ്യക്തമാക്കി.