പവര്‍ ബാങ്ക് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇ വിമാനക്കമ്പനികള്‍
പവര്‍ ബാങ്ക് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇ വിമാനക്കമ്പനികള്‍
എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേയ്സ് എന്നീ വിമാനക്കമ്പനികള്‍ മണിക്കൂറില്‍ 100 വാട്ട് വരെ ശേഷിയുള്ള ഒരു പവര്‍ ബാങ്ക് മാത്രമാണ് അനുമതി നല്‍കുന്നത്.
അടുത്തിടെ ചൈനയിലെ വിമാനത്താവളത്തില്‍ വിമാനത്തിനുള്ളിലിരുന്ന പവര്‍ ബാങ്കിന് തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
യുഎഇയില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്കായി പവര്‍ ബാങ്ക് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പ്രമുഖ വിമാനക്കമ്പനികള്‍. വ്യോമയാന സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേയ്സ്, ഫ്‌ലൈദുബായ്, എയര്‍ അറേബ്യ തുടങ്ങിയ കമ്പനികളാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്തിടെ ചൈനയിലെ വിമാനത്താവളത്തില്‍ വിമാനത്തിനുള്ളിലിരുന്ന പവര്‍ ബാങ്കിന് തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ ബാഗിലിരുന്ന പവര്‍ ബാങ്കിന് തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമയാന സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. പവര്‍ ബാങ്കുകളിലെ ലിഥിയം-അയണ്‍ അല്ലെങ്കില്‍ ലിഥിയം-പോളിമര്‍ ബാറ്ററികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്താല്‍ 'തെര്‍മല്‍ റണ്‍എവേ' വഴി തീപിടുത്തമുണ്ടാകാന്‍ സാധ്യതയുണ്ട്. ക്യാബിനുള്ളില്‍ അപകടമുണ്ടായാല്‍ ജീവനക്കാര്‍ക്ക് ഉടനടി തീ അണയ്ക്കാന്‍ സാധിക്കും എന്നതിനാലാണ് ഇവ ഹാന്‍ഡ് ബാഗേജില്‍ മാത്രം അനുവദിക്കുന്നത്.
എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേയ്സ് എന്നീ വിമാനക്കമ്പനികള്‍ മണിക്കൂറില്‍ 100 വാട്ട് വരെ ശേഷിയുള്ള ഒരു പവര്‍ ബാങ്ക് മാത്രമാണ് അനുമതി നല്‍കുന്നത്. വിമാനത്തിനുള്ളില്‍ വെച്ച് ഫോണോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാനോ വിമാനത്തിലെ യുഎസ്ബി പോര്‍ട്ടുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്ക് റീചാര്‍ജ് ചെയ്യാനോ പാടില്ല. ഇവ ഓവര്‍ഹെഡ് ലഗേജ് ബോക്‌സിലോ ചെക്ക്ഡ് ബാഗേജിലോ വെയ്ക്കാന്‍ പാടില്ലെന്നും അടിയന്തര സാഹചര്യത്തില്‍ പെട്ടെന്ന് എടുക്കാന്‍ പാകത്തില്‍ സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലെ ബാഗിലോ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.