കുവൈത്തില്‍ 48 കുപ്പി വിദേശമദ്യവുമായി രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
അറസ്റ്റിലായ പ്രതികളെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വില്‍പ്പനയ്ക്കായി സൂക്ഷിച്ച 48 കുപ്പി വിദേശമദ്യവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്
കുവൈത്തിലെ മംഗഫ് മേഖലയില്‍ നിയമവിരുദ്ധമായി വിദേശമദ്യം വില്‍ക്കാന്‍ ശ്രമിച്ച രണ്ട് ആഫ്രിക്കന്‍ പ്രവാസികളെ സാല്‍മി പൊലീസ് സ്റ്റേഷനിലെ ഡിറ്റക്ടീവുകള്‍ പിടികൂടി. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 48 കുപ്പി വിദേശമദ്യവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മേഖലയില്‍ പ്രവാസികള്‍ വിദേശമദ്യ കള്ളക്കടത്തും വില്‍പ്പനയും നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പൊലീസ് തന്ത്രപരമായി ഇവരെ പിടികൂടുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ ഉപഭോക്താവെന്ന വ്യാജേന പ്രതികളിലൊരാളെ ഫോണില്‍ ബന്ധപ്പെടുകയും, ഒരു കുപ്പി വിദേശമദ്യത്തിന് 100 കുവൈത്ത് ദിനാര്‍ വിലയുറപ്പിക്കുകയും ചെയ്തു. മംഗഫിലെ പ്രമുഖമായൊരു മാര്‍ക്കറ്റിന് സമീപം വെച്ച് മദ്യം കൈമാറാനായിരുന്നു ധാരണ. നിശ്ചയിച്ച സ്ഥലത്തെത്തി മദ്യം കൈമാറി പണം വാങ്ങിയ ഉടന്‍ തന്നെ ഒളിച്ചിരുന്ന പോലീസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.