കുവൈത്തില്‍ മയക്കുമരുന്നുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

പ്രതികളെ കൂടുതല്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി

 

ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്നാണ് പ്രാഥമിക നിഗമനം.

മയക്കുമരുന്ന് വില്‍പനയ്ക്കും ഉപയോഗത്തിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന കര്‍ശന പരിശോധനയില്‍ ഒരു സ്വദേശിയും രണ്ട് ഏഷ്യന്‍ പ്രവാസികളും പിടിയിലായി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ അല്‍-മന്‍ഖഫ്, അല്‍-റിഖ, അല്‍-മഹ്ബൂല എന്നീ മേഖലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായ രണ്ട് ഏഷ്യന്‍ പ്രവാസികളില്‍ നിന്ന് 15 ഗ്രാം മരിജുവാന, 5 ഗ്രാം ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍ (ഐസ്), ഒരു ഡിജിറ്റല്‍ ത്രാസ് എന്നിവ കണ്ടെടുത്തു. ഇവര്‍ ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്നാണ് പ്രാഥമിക നിഗമനം.

പിടിയിലായ കുവൈത്തി പൗരന്റെ കൈവശം ലഹരിമരുന്ന് കണ്ടെത്തിയില്ലെങ്കിലും പിടികൂടുന്ന സമയത്ത് ഇയാള്‍ ലഹരിക്ക് അടിമപ്പെട്ട നിലയിലായിരുന്നു. പ്രതികളെ കൂടുതല്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുവൈത്തിലെ പുതുക്കിയ മയക്കുമരുന്ന് നിയമപ്രകാരം കുറ്റവാളികള്‍ക്ക് അതികഠിനമായ ശിക്ഷയാണ് ലഭിക്കുക.