ഒമാനില്‍ പന്ത്രണ്ട് ഇനം പഫര്‍ മത്സ്യങ്ങള്‍ക്ക് വിലക്ക്

ഈ മത്സ്യയിനങ്ങളില്‍ ടെട്രോഡോക്‌സിന്‍ എന്ന വിഷം അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവ മനുഷ്യന്റെ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കാനും സാധ്യതയുള്ളതിനെയും തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്രം അറിയിച്ചു

 

ചിലയിനം പഫര്‍ മത്സ്യങ്ങളില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഒമാനില്‍ പന്ത്രണ്ട് ഇനം പഫര്‍ മത്സ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഭക്ഷ്യസുരക്ഷ ഗുണനിലവാര കേന്ദ്രം. ചിലയിനം പഫര്‍ മത്സ്യങ്ങളില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആരോത്രോണ്‍ ഹിസ്പിഡസ്, ആരോത്രോണ്‍ നിഗ്രോപങ്ക്ടാറ്റസ്, കാന്തിഗാസ്റ്റര്‍ വാലന്റിനി, ആരോത്രോണ്‍ ഇമ്മാകുലേറ്റസ്, ചെലോനോഡോണ്‍ പടോക, ഡയഡോണ്‍ ലിറ്റുറോസസ്, ആരോത്രോണ്‍, ലഗോസെഫലസ് ലുനാറിസ്, ഡയോഡോണ്‍ ഹൈസ്ട്രിക്‌സ്, ആരോത്രോണ്‍ മെലീഗ്രിസ്, ലഗോഫലസ് സ്‌കെറാറ്റസ്, ഡയഡോണ്‍ ഹോളോകാന്തസ് എന്നീ പന്ത്രണ്ട് ഇനം പഫര്‍ മത്സ്യങ്ങളുടെ വ്യാപാരം, ഉപഭോഗം എന്നിവയാണ് നിരോധിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിരിക്കുന്നത്. .

ഈ മത്സ്യയിനങ്ങളില്‍ ടെട്രോഡോക്‌സിന്‍ എന്ന വിഷം അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവ മനുഷ്യന്റെ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കാനും സാധ്യതയുള്ളതിനെയും തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്രം അറിയിച്ചു. ഇവ പാകം ചെയ്യുകയോ തണുപ്പിച്ച് സൂക്ഷിക്കുകയോ ചെയ്താല്‍ ഇവയിലെ വിഷാംശം ഇല്ലാതാകുമെന്ന് ഉറപ്പില്ലെന്നും അധികൃതര്‍ പറഞ്ഞു.

വിഷം മരണത്തിനുവരെ കാരണമായേക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായ ഇടങ്ങളില്‍ നിന്നുമാത്രം മത്സ്യം വാങ്ങിക്കണമെന്നും സംശയമുള്ള പഫര്‍ മത്സ്യങ്ങള്‍ ഭക്ഷിക്കരുതെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കൂടാതെ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.