ഗതാഗത കുരുക്ക് ; ദുബായില്‍ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി സ്‌കൂള്‍ സമയക്രമങ്ങളില്‍ മാറ്റം വരുത്താന്‍ ആലോചന

ദുബായ് വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ രീതികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

 

ദുബായിലെ ഓരോ സ്‌കൂളുകളും വ്യത്യസ്ത പാഠ്യപദ്ധതികളും പാഠ്യേതര പ്രവര്‍ത്തനങ്ങളുമാണ് പിന്തുടരുന്നത്.

ദുബായിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി സ്‌കൂള്‍ സമയക്രമങ്ങളില്‍ മാറ്റം വരുത്തുന്നു. സ്‌കൂളുകളുടെ പ്രത്യേക അഭ്യര്‍ത്ഥനയും കുട്ടികളുടെ ക്ഷേമവും മുന്‍നിര്‍ത്തി, നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (കെ എച്ച്ഡിഎ  ) മുന്‍കൂര്‍ അംഗീകാരത്തോടെയാകും പുതിയ സമയക്രമം അനുവദിക്കുകയെന്ന് ഡയറക്ടര്‍ ജനറല്‍ ഐഷ മിറാന്‍ വ്യക്തമാക്കി.

ദുബായിലെ ഓരോ സ്‌കൂളുകളും വ്യത്യസ്ത പാഠ്യപദ്ധതികളും പാഠ്യേതര പ്രവര്‍ത്തനങ്ങളുമാണ് പിന്തുടരുന്നത്. അതിനാല്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഏകീകൃത സമയക്രമം പ്രായോഗികമല്ല. പകരം, ഓരോ സ്‌കൂളിന്റെയും ആവശ്യകത അനുസരിച്ച് സമയത്തില്‍ ഇളവുകള്‍ നല്‍കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാതികള്‍ ഉയര്‍ന്നാല്‍ കെഎച്ച്ഡിഎ     ഇടപെടുകയും അനുയോജ്യമായ രീതിയില്‍ ടൈംടേബിള്‍ പുനഃക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യും.

ദുബായ് വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ രീതികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഒഴിവാക്കി നടന്നോ സൈക്കിളിലോ കുട്ടികള്‍ സ്‌കൂളുകളിലെത്തുന്നതിനെ പ്രോത്സാഹിപ്പിക്കും. എന്നാല്‍ സ്‌കൂള്‍ ബസുകളെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.