യുഎഇ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീൻ കുട്ടികളെയും കുടുംബങ്ങളെയും സന്ദർശിച്ച് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

 

അബുദാബി: അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീൻ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും ആശ്വാസവുമേകി പ്രസിഡൻഷ്യൽ കോർട്ടിലെ ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് ആന്റ് മാർടിയേർസ് ഫാമിലി അഫയേഴ്‌സ് ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 1,000 ഫലസ്തീൻ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇയിൽ എത്തിച്ചവരെയാണ് അദ്ദേഹം സന്ദർശിച്ചത്.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിലും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഉന്നതോദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില ചോദിച്ചറിഞ്ഞ ഷെയ്ഖ് തിയാബ് മെഡിക്കൽ സംഘവുമായി ആശയവിനിമയം നടത്തി. വേഗത്തിൽ സുഖം പ്രാപിക്കാനുള്ള ആശംസകൾ ചികിത്സയിലുള്ളവരെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.