പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ 25,150 നിയമലംഘകര്‍ പിടിയില്‍
രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,553 പേര്‍ അറസ്റ്റിലായി.

17,886 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്.
തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനാ നടപടികള്‍ തുടരുന്നു. മാര്‍ച്ച് 13 മുതല്‍ 19 വരെ 25,150 ത്തോളം നിയമലംഘകരാണ് പിടിയിലായത്.
സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. 17,886 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 4,247 അതിര്‍ത്തി സുരക്ഷാലംഘകരും 3,017 തൊഴില്‍ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,553 പേര്‍ അറസ്റ്റിലായി. ഇതില്‍ 69 ശതമാനവും ഇത്യോപ്യന്‍ പൗരന്മാരാണ്. 29 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 63 പേര്‍ അറസ്റ്റിലായി. താമസ, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കിയ 36 പേര്‍ വേറെയും പിടിയിലായിട്ടുണ്ട്.