സൗദിയില്‍ കുട്ടികളിലും മുതിര്‍ന്നവരിലും പൊണ്ണത്തടിയുള്ളവരുടെ എണ്ണമേറുന്നു
15 വയസും അതില്‍ കൂടുതലുമുള്ള സൗദികളില്‍ പകുതിയോളം പേരും അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു.
രാജ്യത്തെ പൊതുജനാരോഗ്യ മേഖലയില്‍ ഉയര്‍ന്നുവരുന്ന വലിയ വെല്ലുവിളിയായാണ് ഈ കണക്കുകള്‍ അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
സൗദിയില്‍ കുട്ടികളിലും മുതിര്‍ന്നവരിലും പൊണ്ണത്തടിയും അമിത ഭാരവും വലിയ തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ 2024 ലെ ഹെല്‍ത്ത് ഡിറ്റര്‍മിനന്റ്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരണമനുസരിച്ച്, 15 വയസും അതില്‍ കൂടുതലുമുള്ള സൗദികളില്‍ പകുതിയോളം പേരും അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു.
രാജ്യത്തെ പൊതുജനാരോഗ്യ മേഖലയില്‍ ഉയര്‍ന്നുവരുന്ന വലിയ വെല്ലുവിളിയായാണ് ഈ കണക്കുകള്‍ അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സൗദിയിലെ പതിനഞ്ചും അതില്‍ കൂടുതലും പ്രായമുള്ളവരില്‍ 45.1 ശതമാനം പേര്‍ അമിതഭാരമുള്ളവരും 23.1 ശതമാനം പേര്‍ പൊണ്ണത്തടിയുള്ളവരുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29.5 ശതമാനമായിരുന്നു അമിതഭാരമുള്ളവരുടെ നിരക്ക്.
രണ്ടിനും 14 നും ഇടയില്‍ പ്രായമുള്ള സൗദി കുട്ടികളില്‍ 33.3 ശതമാനം പേര്‍ അമിത ഭാരമുള്ളവരാണെന്നും 14.6 ശതമാനം പേര്‍ പൊണ്ണത്തടിയുള്ളവരാണെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ വര്‍ഷം വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം 7.3 ശതമാനമായിരുന്നു പൊണ്ണത്തടിയുടെ നിരക്ക്.