ജിസിസി റെയില്‍വേ 2030-ല്‍ യാഥാര്‍ത്ഥ്യമാകും
സൗദിയില്‍ നിന്ന് യുഎഇയിലെ അബുദാബി, അല്‍ ഐന്‍ വഴി ഒമാനിലെ സൊഹാറിലൂടെ തലസ്ഥാനമായ മസ്‌കറ്റില്‍ എത്തി അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഏകദേശം 250 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള യാത്ര അതിവേഗത്തിലാകും.
ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബൃഹത്തായ 'ജിസിസി റെയില്‍വേ' പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുന്നു. 2030-ഓടെ പദ്ധതി പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്. ആറ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളെ തമ്മില്‍ കോര്‍ത്തിണക്കുന്ന ഈ കൂറ്റന്‍ റെയില്‍ ശൃംഖല ഗള്‍ഫ് മേഖലയുടെ ഭാവി ഗതാഗത രംഗത്ത് വന്‍ വിപ്ലവത്തിനാണ് വഴിതുറക്കുന്നത്.
കുവൈറ്റില്‍ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി ഒമാനില്‍ അവസാനിക്കുന്ന രീതിയിലാണ് ഈ പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആകെ 2,177 കിലോമീറ്റര്‍ നീളത്തിലാണ് ഈ റെയില്‍വേ ശൃംഖല നിര്‍മ്മിക്കുന്നത്. കുവൈറ്റില്‍ നിന്ന് സൗദിയിലെ ദമാമിലേക്കും അവിടെ നിന്ന് പുതിയ കടല്‍പാലം വഴി ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലേക്കും പാത നീളും. ദമാമില്‍ നിന്ന് സല്‍വ അതിര്‍ത്തി വഴി ഖത്തര്‍ തലസ്ഥാനമായ ദോഹയുമായും റെയില്‍വേ ബന്ധിപ്പിക്കും. തുടര്‍ന്ന് സൗദിയില്‍ നിന്ന് യുഎഇയിലെ അബുദാബി, അല്‍ ഐന്‍ വഴി ഒമാനിലെ സൊഹാറിലൂടെ തലസ്ഥാനമായ മസ്‌കറ്റില്‍ എത്തി അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഏകദേശം 250 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള യാത്ര അതിവേഗത്തിലാകും.