ഭീകര പ്രവര്‍ത്തനം ; സൗദിയില്‍ മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി
രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദേശ ഭീകര സംഘടനയില്‍ അംഗങ്ങളായി.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുകയും ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്തു.
സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്ന് സ്വദേശികളെ വധശിക്ഷക്ക് വിധേയമാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍ അല്‍ അബു അബ്ദുല്ല, മൂസ ബിന്‍ ജാഫര്‍ ബിന്‍ അബ്ദുല്ല അല്‍ സഖ്മാന്‍, റിദ ബിന്‍ അലി ബിന്‍ മഹ്ദി അല്‍ അമ്മാര്‍ എന്നീ പ്രതികളുടെ ശിക്ഷയാണ് നടപ്പാക്കിയത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയും സുരക്ഷാ കാര്യാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തു എന്നതാണ് പ്രധാന കുറ്റകൃത്യങ്ങള്‍. കൂടാതെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുകയും ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദേശ ഭീകര സംഘടനയില്‍ അംഗങ്ങളായി.
പ്രതികളെ സുരക്ഷാ വിഭാഗം പിടികൂടുകയും അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് തീവ്രവാദ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതികളും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതിനെത്തുടര്‍ന്ന് രാജകല്‍പ്പന പ്രകാരം ശിക്ഷ നടപ്പാക്കുകയായിരുന്നു