വേനല്‍ക്കാലത്തെ തൊഴില്‍ വിലക്ക് നിയമം ലംഘിച്ചു; ഖത്തറില്‍ 388 വര്‍ക്ക് സൈറ്റുകള്‍ക്കെതിരെ നടപടി

വേനല്‍ച്ചൂടില്‍ നിന്നുള്ള സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും തടയുന്നതിനായാണ് ഖത്തര്‍ ഉച്ചസമയങ്ങളില്‍ തൊഴില്‍വിലക്ക് ഏര്‍പ്പെടുത്തിയത്

 

നിയമ നടപടികളുടെ ഭാഗമായി ഈ ജോലി സ്ഥലങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു.

തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ വിലക്ക് ലംഘിച്ച 388 നിര്‍മ്മാണ സൈറ്റുകള്‍ക്കെതിരെ നടപടിയുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. വേനല്‍ച്ചൂടില്‍ നിന്നുള്ള സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും തടയുന്നതിനായാണ് ഖത്തര്‍ ഉച്ചസമയങ്ങളില്‍ തൊഴില്‍വിലക്ക് ഏര്‍പ്പെടുത്തിയത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളിലാണ് ചിലയിടങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമ നടപടികളുടെ ഭാഗമായി ഈ ജോലി സ്ഥലങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു.

തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നടപടികള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നടപടിയെടുക്കുമെന്ന മന്ത്രാലയത്തിന്റെ ഉറച്ച നിലപാടാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ നടപടിയെന്നും തൊഴിലാളികളുടെ സുരക്ഷ അപകടത്തിലാക്കുന്ന സംഭവങ്ങളില്‍ യാതൊരു ഇളവും നല്‍കില്ലെന്നും തൊഴില്‍ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.