കുവൈത്തില്‍ സബ്‌സിഡി ഭക്ഷ്യവസ്തുക്കള്‍ തട്ടിയെടുത്തു; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം തടവും നാടുകടത്തലും

ശിക്ഷിക്കപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു ഈജിപ്ഷ്യന്‍ പൗരനും ഒരു ബംഗ്ലാദേശ് പൗരനും ഉള്‍പ്പെടുന്നു

 

ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

സബ്‌സിഡി ഭക്ഷ്യവസ്തുക്കള്‍ തട്ടിയെടുത്ത കേസില്‍ കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം തടവ്. കുവൈത്തിലെ ജഹ്‌റ ഗവര്‍ണറേറ്റിലുള്ള സഹകരണ സംഘത്തിന്റെ ഭക്ഷ്യവിതരണ കേന്ദ്രത്തില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി കൈക്കലാക്കിയ കേസിലാണ് ഇവര്‍ക്ക് തടവുശിക്ഷ വിധിച്ചത്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

ശിക്ഷിക്കപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു ഈജിപ്ഷ്യന്‍ പൗരനും ഒരു ബംഗ്ലാദേശ് പൗരനും ഉള്‍പ്പെടുന്നു. കേസില്‍ ഉള്‍പ്പെട്ട ഭക്ഷ്യവിതരണ കേന്ദ്രത്തിന്റെ മാനേജര്‍ക്ക് 3,000 കുവൈത്ത് ദിനാര്‍ പിഴയും കോടതി വിധിച്ചു. സഹകരണ സംഘത്തിന്റെ ഓഹരി ഉടമകളുടെ അറിവോ അനുമതിയോ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ തട്ടിയെടുത്തതാണ് കേസ്. ഓരോ വില്‍പ്പന ഇടപാടിലും ഭക്ഷ്യവസ്തുക്കളുടെ അളവില്‍ 250 ഗ്രാം മുതല്‍ 500 ഗ്രാം വരെ കുറവ് വരുത്തി ശേഷിക്കുന്ന സാധനങ്ങള്‍ അനധികൃതമായി കൈക്കലാക്കുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഒരു കുവൈത്ത് പൗരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തുകയും പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തത്.