കുവൈറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി; ഒരാഴ്ചയ്ക്കിടെ 28,000-ത്തിലധികം കേസുകള്‍
കുവൈറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി; ഒരാഴ്ചയ്ക്കിടെ 28,000-ത്തിലധികം കേസുകള്‍
റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ ഈ കര്‍ശന പരിശോധനയ്ക്കിടെ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 243 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഗതാഗത വിഭാഗത്തിന് ലഭിച്ച 3,030 പരാതികളില്‍ ഉടനടി പരിഹാരം കാണാനും ഈ പരിശോധനകളിലൂടെ സാധിച്ചു.
കുവൈറ്റില്‍ ഗതാഗത നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി ട്രാഫിക് വകുപ്പും എമര്‍ജന്‍സി പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ വ്യാപക നടപടി. സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയുള്ള ഒരാഴ്ചക്കാലയളവില്‍ രാജ്യത്തുടനീളം നടപ്പിലാക്കിയ മിന്നല്‍ പരിശോധനകളില്‍ 28,890 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഗതാഗത വിഭാഗത്തിന് ലഭിച്ച 3,030 പരാതികളില്‍ ഉടനടി പരിഹാരം കാണാനും ഈ പരിശോധനകളിലൂടെ സാധിച്ചു.
റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ ഈ കര്‍ശന പരിശോധനയ്ക്കിടെ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 243 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ വഞ്ചനാ കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും അന്വേഷണ ഏജന്‍സികള്‍ തിരയുന്ന 29 വാണ്ടഡ് പ്രതികളും ഉള്‍പ്പെടുന്നു. കൂടാതെ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിയമവിരുദ്ധമായി തങ്ങിയിരുന്ന 35 പേരും ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്ത അഞ്ചുപേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
പരിശോധനാ വേളയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ 15 പേരെ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിച്ചതിനെ തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളിന് കൈമാറി. അതിനിടെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മേഖലയിലുണ്ടായ 1,315 വാഹനാപകടങ്ങളില്‍ ട്രാഫിക് പട്രോളിംഗ് വിഭാഗം നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇതില്‍ 182 അപകടങ്ങളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിനുപുറമെ, സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എമര്‍ജന്‍സി പൊലീസ് നടത്തിയ പ്രത്യേക ഡ്രൈവില്‍ 1,349 ട്രാഫിക് നിയമലംഘനങ്ങള്‍ കൂടി രേഖപ്പെടുത്തി. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട 102 വാണ്ടഡ് പ്രതികളെയും ഇഖാമ കാലാവധി കഴിഞ്ഞ 90 പേരെയും രേഖകളില്ലാത്ത 36 പേരെയും എമര്‍ജന്‍സി പൊലീസ് പിടികൂടി. ഈ കാലയളവില്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച 878 അടിയന്തര സഹായ അഭ്യര്‍ത്ഥനകളിലും പോലീസ് കൃത്യമായി ഇടപെട്ട് സേവനങ്ങള്‍ ലഭ്യമാക്കി.