ഒമാനില്‍ തൊഴിലുടമകള്‍ക്ക് കര്‍ശന നിയന്ത്രണം; അച്ചടക്ക നടപടികള്‍ക്ക് 30 ദിവസത്തെ സമയപരിധി
ഒമാനില്‍ തൊഴിലുടമകള്‍ക്ക് കര്‍ശന നിയന്ത്രണം; അച്ചടക്ക നടപടികള്‍ക്ക് 30 ദിവസത്തെ സമയപരിധി
അന്വേഷണത്തില്‍ കണ്ടെത്തുന്ന വിവരങ്ങളും ജീവനക്കാരന് നല്കുന്ന വിശദീകരണങ്ങളും കൃത്യമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ടതുണ്ട്.
ഒരു നിയമലംഘനം തൊഴിലുടമയുടെ ശ്രദ്ധയില്‍പ്പെട്ട് 30 ദിവസത്തിനുള്ളില്‍ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ പിന്നീട് ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കഴിയില്ല.
തൊഴില്‍സ്ഥലത്തെ നിയമലംഘനങ്ങളുടെ പേരില്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിച്ച് ഒമാന്‍ തൊഴില്‍ മന്ത്രാലയം. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴിലിടങ്ങളിലെ നടപടികളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.
പുതിയ നിയമപ്രകാരം, ഒരു നിയമലംഘനം തൊഴിലുടമയുടെ ശ്രദ്ധയില്‍പ്പെട്ട് 30 ദിവസത്തിനുള്ളില്‍ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ പിന്നീട് ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കഴിയില്ല. കൂടാതെ, കുറ്റം തെളിയിക്കപ്പെട്ട തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ ശിക്ഷാനടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്‍പായി ആരോപണവിധേയനായ ജീവനക്കാരന് അതിനെക്കുറിച്ച് രേഖാമൂലം മുന്നറിയിപ്പ് നല്‍കുകയും വ്യക്തമായ വിശദീകരണം നല്കാന് അവസരം ഉറപ്പാക്കുകയും വേണം.
അന്വേഷണത്തില്‍ കണ്ടെത്തുന്ന വിവരങ്ങളും ജീവനക്കാരന് നല്കുന്ന വിശദീകരണങ്ങളും കൃത്യമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. തൊഴിലുടമയ്ക്കോ അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അന്വേഷണം നടത്താം. എന്നാല്‍, അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന് ആരോപണവിധേയനായ ജീവനക്കാരന്റെ തസ്തികയേക്കാള്‍ താഴ്ന്ന പദവിയിലുള്ള ആളാകരുത്. സമഗ്രമായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അന്തിമ അച്ചടക്ക നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും നിയമത്തില്‍ എടുത്തുപറയുന്നു.
ജീവനക്കാര്‍ക്ക് ചുമത്തുന്ന സാമ്പത്തിക ശിക്ഷകള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. നിയമലംഘനത്തിന്റെ ഭാഗമായി ചുമത്തുന്ന പിഴ ഒരു മാസത്തില്‍ അഞ്ച് ദിവസത്തെ അടിസ്ഥാന വേതനത്തില്‍ കവിയാന്‍ പാടില്ല. അതുപോലെ തന്നെ ശിക്ഷയുടെ ഭാഗമായി വേതനം തടഞ്ഞുവെച്ചുള്ള സസ്പെന്ഷന് കാലയളവും അഞ്ച് ദിവസത്തില്‍ കൂടരുത്.