സൗദിയില്‍ സിക്ക് ലീവ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി; വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചാല്‍ കനത്ത നടപടി
സൗദി അറേബ്യയില്‍ സിക്ക് ലീവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുള്ളത്
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികളെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സൗദി അറേബ്യയില്‍ സിക്ക് ലീവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ആരോഗ്യ മന്ത്രാലയം. ഇനിമുതല്‍ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അവധി നല്‍കില്ല. പകരം രോഗിയുടെ ആരോഗ്യനില സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ അവധി അനുവദിക്കൂ. അതേസമയം വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികളെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സൗദി അറേബ്യയില്‍ സിക്ക് ലീവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുള്ളത്. വെറും അപേക്ഷകളുടെയോ വ്യക്തിപരമായ താല്‍പ്പര്യങ്ങളുടെയോ അടിസ്ഥാനത്തില്‍ സിക്ക് ലീവ് നല്‍കില്ല. രോഗിയുടെ ആരോഗ്യനിലയും ജോലി ചെയ്യാനുള്ള കഴിവിനെ അത് എത്രത്തോളം ബാധിക്കുന്നുവെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ അവധി അനുവദിക്കൂ. നിശ്ചിത പരിധിയില്‍ കൂടുതല്‍ അവധി വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡിന്റെയോ വിദഗ്ധ ഡോക്ടര്‍മാരുടെയോ പ്രത്യേക അനുമതി നിര്‍ബന്ധമാണ്.
അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള കൃത്യമായ പരിശോധനയ്ക്ക് ശേഷം ഇലക്ട്രോണിക് സംവിധാനം വഴിയാണ് അവധി രേഖകള്‍ നല്‍കേണ്ടത്. ഇവ 'സിഹത്തി' ആപ്പ് വഴി ലഭ്യമാകും. രേഖകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ 'സെഹ' പ്ലാറ്റ്ഫോമിലെ എന്‍ക്വയറി സേവനം ഉപയോഗിക്കണം. വ്യാജ വെബ്സൈറ്റുകളില്‍ നിന്നുള്ള ക്യുആര്‍ കോഡുകളെയോ രേഖകളുടെ ചിത്രങ്ങളെയോ മാത്രം വിശ്വസിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.