അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാന്‍
അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാന്‍
അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍. അനുമതിയില്ലാത്ത ഫോട്ടോയോ വീഡിയോയോ പങ്കുവെച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും 5,000 റിയാല്‍ വരെ പിഴയും ലഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയോ പ്രചരിപ്പിക്കുന്ന ഉള്ളടക്കം പൂര്‍ണമായും ശരിയാണെങ്കില്‍ പോലും അത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതാണെങ്കില്‍ ശിക്ഷാര്‍ഹമായിരിക്കും. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ അവമതിക്കുന്നതിനോ ലക്ഷ്യമിട്ട് വ്യക്തിഗത വിവരങ്ങളോ ദൃശ്യങ്ങളോ പങ്കുവെക്കുന്നത് ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്.
നിയമപരമായ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ പകര്‍ത്തുക, റെക്കോര്‍ഡ് ചെയ്യുക, സൂക്ഷിക്കുക, കൈമാറ്റം ചെയ്യുക തുടങ്ങിയ പ്രവൃത്തികളില്‍ നിന്നും മാറിനില്‍ക്കണമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ രാജ്യത്തെ സൈബര്‍ ക്രൈം നിയമപ്രകാരം ക്രിമിനല്‍ പ്രോസിക്യൂഷന് കാരണമാകുമെന്നും, പോസ്റ്റ് പങ്കുവെക്കുന്നതിന് മുന്‍പ് തന്നെ നിയമപരമായ ഉത്തരവാദിത്തം ആരംഭിക്കുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍മിപ്പിച്ചു.