സുരക്ഷ ശക്തം ; യുഎഇയില്‍ റോഡപകടങ്ങള്‍ മൂലമുള്ള മരണനിരക്കില്‍ വന്‍ കുറവ്

2011-നെ അപേക്ഷിച്ച് റോഡ് ഗതാഗത മരണങ്ങളില്‍ 74 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ദുബായില്‍ മാത്രം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മരണനിരക്ക് 91 ശതമാനത്തിലധികം കുറഞ്ഞു. 

യുഎഇയില്‍ റോഡപകടങ്ങള്‍ മൂലമുള്ള മരണനിരക്കില്‍ വന്‍ കുറവ്. 2011-നെ അപേക്ഷിച്ച് റോഡ് ഗതാഗത മരണങ്ങളില്‍ 74 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ശനമായ നിയമപാലനം, എഐ അധിഷ്ഠിത ക്യാമറ സംവിധാനങ്ങള്‍, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, നിരന്തരമായ ബോധവല്‍ക്കരണം എന്നിവയാണ് ഈ വലിയ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന ഉന്നതതല റോഡ് സുരക്ഷാ യോഗത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ വിവരങ്ങള്‍ പങ്കുവെച്ചത്. യുഎഇയില്‍ 2008-ല്‍ ആയിരത്തിലധികം പേര്‍ (1,072) റോഡപകടങ്ങളില്‍ മരിച്ച സ്ഥാനത്തുനിന്നാണ് മരണനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. 2025-ല്‍ റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമായത് വാഹനം പെട്ടെന്ന് വെട്ടിച്ചു മാറ്റുന്നതാണെന്ന് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 905 അപകടങ്ങളാണ് രേഖപ്പെടുത്തിയത്.

ദുബായില്‍ മാത്രം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മരണനിരക്ക് 91 ശതമാനത്തിലധികം കുറഞ്ഞു.