ഹൊദൈത തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, സൗദി തുറമുഖങ്ങള്‍ ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി

ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്ത് സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ സാധാരണക്കാരോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ സൗദി സഖ്യസേന ആവശ്യപ്പെട്ടിട്ടുണ്ട്.

 

ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി ഉടനെന്ന് ഹൂത്തികളും വ്യക്തമാക്കിയതോടെ ചെങ്കടല്‍ മേഖല വീണ്ടും യുദ്ധഭീതിയിലാണ്.

യെമനിലെ ഹൂത്തി വിമതരും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷയാതോടെ ചെങ്കടല്‍ മേഖലയില്‍ വീണ്ടും യുദ്ധഭീതി. ഹൊദൈത തുറമുഖം ആക്രമിച്ചതായി സൗദി സഖ്യസേന അറിയിച്ചു. തുറമുഖം വഴിയുള്ള ഹൂത്തികളുടെ ആയുധക്കടത്ത് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും സനയിലെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായും സൗദി സഖ്യ സേന വ്യക്തമാക്കി. 

അദ, തായ്‌സ് മേഖലകളിലും വ്യോമക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി ഉടനെന്ന് ഹൂത്തികളും വ്യക്തമാക്കിയതോടെ ചെങ്കടല്‍ മേഖല വീണ്ടും യുദ്ധഭീതിയിലാണ്.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്ത് സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ സാധാരണക്കാരോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ സൗദി സഖ്യസേന ആവശ്യപ്പെട്ടിട്ടുണ്ട്. ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താനായി ഹൂത്തികള്‍ ഉപയോഗിക്കുന്ന ഹൊദൈദ തുറമുഖത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 'പ്രത്യേക ഓപ്പറേഷന്‍' ആരംഭിച്ചതായി സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സന, സാദ, തായിസ് എന്നിവിടങ്ങളിലെ മിസൈല്‍-ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും തകര്‍ത്തതായും സഖ്യസേന വ്യക്തമാക്കി. കൂടാതെ സൗദിക്ക് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന് തിരിച്ചടിയായി ജിദ്ദ ഉള്‍പ്പെടെയുള്ള സൗദിയിലെ ചെങ്കടല്‍ തുറമുഖങ്ങള്‍ ആക്രമിക്കുമെന്ന് ഹൂത്തികള്‍ ഭീഷണി മുഴക്കി.