സൗദിയിലുള്ളവർ ജാഗ്രതൈ! വിസിറ്റ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികൾ
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി സൗദി അറേബ്യയിൽ തങ്ങുന്ന വിദേശികൾക്കെതിരെ കനത്ത പിഴയും തടവ് ശിക്ഷയും ഉണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി സൗദി അറേബ്യയിൽ തങ്ങുന്ന വിദേശികൾക്കെതിരെ കനത്ത പിഴയും തടവ് ശിക്ഷയും ഉണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴയും ആറു മാസം വരെ തടവുമാണ് ശിക്ഷ ലഭിക്കുക. വരാനിരിക്കുന്ന ഹജ് തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്. നിയമലംഘകരെ കണ്ടെത്തിയാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ ഉള്ളവർ ‘911’ എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ ‘999’ എന്ന നമ്പറിലും വിളിച്ച് വിവരമറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യാനോ അതിനായി ശ്രമിക്കാനോ മുതിരുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയും നാടുകടത്തലും ഏർപ്പെടുത്തും. ഇത്തരത്തിൽ നിയമം ലംഘിക്കുന്ന പ്രവാസികൾക്ക് 10 വർഷത്തേക്ക് സൗദിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനും വിലക്കുണ്ടാകും. കൂടാതെ, ദുൽഖിഅ്ദ 1 മുതൽ ദുൽഹജ്ജ് 14 വരെയുള്ള കാലയളവിൽ വിസിറ്റ് വിസയിലുള്ളവർ മക്ക നഗരത്തിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്താൽ 20,000 റിയാൽ പിഴ ഈടാക്കും. ഇക്കാലയളവിൽ വിസിറ്റ് വീസക്കാരെ മക്കയിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും നിയമനടപടി സ്വീകരിക്കും.
വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നവർക്കും, അവർക്ക് ഹോട്ടലുകളിലോ മറ്റ് താമസസ്ഥലങ്ങളിലോ അഭയം നൽകുന്നവർക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. നിയമലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവരെ സഹായിക്കുന്നവർക്കുള്ള പിഴത്തുകയും ഇരട്ടിയാകും.
അതേസമയം, ഈ നിയമനടപടികളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് 30 ദിവസത്തിനകം അപ്പീൽ നൽകാനും, കമ്മിറ്റിയുടെ തീരുമാനം വന്ന് 60 ദിവസത്തിനകം അഡ്മിനിസ്ട്രേറ്റീവ് കോടതിയെ സമീപിക്കാനും അവകാശമുണ്ടായിരിക്കും. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ രാജ്യത്തുള്ള എല്ലാവരും ഹജ്ജ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു.