സാമ്പത്തിക സുരക്ഷ ശക്തമാക്കാന്‍ സൗദി; പണമിടപാടുകള്‍ക്ക് ഇനി കര്‍ശന പരിശോധനകള്‍

യാത്രക്കാര്‍ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ഇത്തരം ആസ്തികള്‍ പൂര്‍ണ്ണമായും പിടിച്ചെടുക്കാന്‍ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിക്ക് നിയമപരമായ അധികാരം നല്‍കിയിട്ടുണ്ട്.

 

ഇനിമുതല്‍ ഇത്തരം സാമ്പത്തിക ഇടപാടുകള്‍ക്ക് മുന്‍പായി ഉപഭോക്താക്കളുടെ കൃത്യമായ ഐഡന്റിറ്റി പരിശോധന നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കണം.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമ വ്യവസ്ഥകളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി സൗദി അറേബ്യ. ബാങ്കിങ് മേഖലയ്ക്ക് പുറമെ നിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ്, സ്വര്‍ണം, വിലയേറിയ ലോഹങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ വ്യാപാരത്തെയും ചില നിയമ-അക്കൗണ്ടിങ് പ്രവര്‍ത്തനങ്ങളെയും പുതിയ ഭേദഗതിയിലൂടെ നിയമപരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇനിമുതല്‍ ഇത്തരം സാമ്പത്തിക ഇടപാടുകള്‍ക്ക് മുന്‍പായി ഉപഭോക്താക്കളുടെ കൃത്യമായ ഐഡന്റിറ്റി പരിശോധന നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കണം.

പുതിയ നിയമപ്രകാരം സൗദിയിലേക്ക് പ്രവേശിക്കുമ്പോഴോ രാജ്യത്തുനിന്ന് പുറത്തുപോകുമ്പോഴോ 40,000 സൗദി റിയാലോ അതില്‍ കൂടുതലോ മൂല്യമുള്ള പണം, വിദേശ കറന്‍സികള്‍, സ്വര്‍ണക്കട്ടികള്‍, വിലയേറിയ ലോഹങ്ങള്‍, രത്‌നങ്ങള്‍ അല്ലെങ്കില്‍ അവ കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ എന്നിവ കൈവശം വെക്കുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം വഴി അത് എഴുതി നല്‍കണം.

യാത്രക്കാര്‍ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ഇത്തരം ആസ്തികള്‍ പൂര്‍ണ്ണമായും പിടിച്ചെടുക്കാന്‍ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിക്ക് നിയമപരമായ അധികാരം നല്‍കിയിട്ടുണ്ട്. ആദ്യ തവണ ചട്ടം ലംഘിക്കുന്നവരില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യത്തിന്റെ 10 മുതല്‍ 25 ശതമാനം വരെ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 50 ശതമാനമായി ഉയരും.