ലൈസന്‍സ് ഇല്ലാതെ സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ക്കെതിരെ നടപടിയുമായി സൗദി

 

സൗദിയില്‍ അനധികൃത ടാക്സികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കണ്ടെത്തല്‍.

 

നിയമ ലംഘകരായ പ്രവാസികള്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അതേറിറ്റി മുന്നറിയിപ്പ് നല്‍കി.

സൗദി അറേബ്യയില്‍ ലൈസന്‍സ് ഇല്ലാതെ സര്‍വീസ് നടത്തുന്ന അനധികൃത ടാക്സികള്‍ക്കെതിരെ നടപടി ശക്തമാക്കി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നൂറുകണക്കിന് വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമ ലംഘകരായ പ്രവാസികള്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അതേറിറ്റി മുന്നറിയിപ്പ് നല്‍കി.

സൗദിയില്‍ അനധികൃത ടാക്സികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കണ്ടെത്തല്‍. ഇതില്‍ ഭൂരിഭാഗവും പ്രവാസികളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ 689 വാഹനങ്ങള്‍ പിടിച്ചെടുത്തതായി അതോറിറ്റി വ്യക്തമാക്കി. ഇതില്‍ 614 പേര്‍ ലൈസന്‍സില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ ടാക്സി സര്‍വീസ് നടത്തിവന്നവരായിരുന്നു. നിയമവിരുദ്ധമായ മറ്റു രീതികളില്‍ യാത്രക്കാരെ കൊണ്ടുപോയതിന് 75 വാഹനങ്ങളും കണ്ടുകെട്ടി.

നിയമ ലംഘകര്‍ക്ക് കനത്ത പിഴ ചുമത്തിയതായും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. പുതിയ ഗതാഗത നിയമമനുസരിച്ച് അംഗീകൃത ലൈസന്‍സ് ഇല്ലാതെ സൗദിയില്‍ സ്വകാര്യ വാഹനങ്ങളില്‍ ടാക്സി സര്‍വീസ് നടത്തുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വാഹനങ്ങല്‍ പിടിച്ചെടുക്കും. നിയമ ലംഘനത്തിനുള്ള പിഴക്ക് പുറമെ വാഹനം വിട്ടുകിട്ടുന്നതിന് പ്രത്യേകം തുകയും അടക്കേണ്ടിവരും. കുറ്റം ആവര്‍ത്തിച്ചാല്‍ 11,000 റിയാല്‍ വരെ പിഴയും ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.